കൊച്ചി: നടന്മാരായ മുകേഷ്, ജയസൂര്യ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ പീഡന പരാതി നല്‍കിയ നടിക്കെതിരേ ഗുരുതര പരാതിയുമായി ബന്ധുവായ യുവതി. നടിയുടെ അടുത്ത ബന്ധുവും മൂവാറ്റുപുഴ സ്വദേശിനിയുമായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ചെന്നൈയിലെ ഒരു സംഘത്തിന് മുന്നില്‍ തന്നെ കാഴ്ചവച്ച് എന്നാണ് നടിക്കെതിരേ ഇവരുടെ ആരോപണം. ഇതുസംബന്ധിച്ച് കേരള – തമിഴ്‌നാട് ഡി.ജി.പിമാര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതായും യുവതി പറയുന്നു.
നടി സെക്‌സ് മാഫിയയുടെ ഭാഗമാണെന്നാണ് യുവതി പറയുന്നത്. 2014ല്‍ സംഭവം നടക്കുന്ന സമയത്ത് തനിക്ക് 16 വയസ് മാത്രമാണുണ്ടായിരുന്നത്.
പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷന്‍ സമയത്ത്, സിനിമ ഓഡിഷനെന്ന് പറഞ്ഞാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. അവിടെ അഞ്ചോ ആറോ പുരുഷന്മാര്‍ ഉണ്ടായിരുന്നു.
അവര്‍ എന്നെ തൊടുകയൊക്കെ ചെയ്തു. എതിര്‍ത്തപ്പോള്‍ മോശമായ രീതിയില്‍ രോഷത്തോടെ പെരുമാറി. ഒരുപാട് ബഹളം വെച്ചും കരഞ്ഞുമാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും യുവതി പറയുന്നു.
ഒരുപാട് പെണ്‍കുട്ടികളെ ഇങ്ങനെ കൊണ്ടുവന്നിട്ടുണ്ടെന്നും, അവരൊക്കെ ഇപ്പോള്‍ ഹാപ്പിയാണെന്നും, നീയൊന്ന് കണ്ണടച്ചാല്‍ നമുക്കെല്ലാവര്‍ക്കും നല്ല രീതിയില്‍ സെറ്റിലാകാന്‍ പറ്റുമെന്നും പറഞ്ഞു.
എന്‍റെ പ്രായത്തിലുള്ള കുട്ടികളെ ദുബായിലടക്കം കൊണ്ടുപോയിട്ടുണ്ടെന്ന് നടി പറഞ്ഞതായും യുവതി വ്യക്തമാക്കുന്നു. യുവതിയുടെ പരാതി ഡി.ജി.പി മൂവാറ്റുപുഴ പൊലീസിന് കൈമാറിയിട്ടുണ്ട്.
എന്നാല്‍, ബന്ധുവായ യുവതിയുടെ പരാതി വ്യാജമാണെന്നും പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ വൈരാഗ്യം തീര്‍ക്കുകയാണെന്നും, പരാതിക്ക് പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കണമെന്നും നടി ആവശ്യപ്പെട്ടു.