ഇടുക്കി: ഗുണ്ടാ വിളയാട്ടം നിയന്ത്രിക്കുന്നതിനുള്ള സർക്കാർ പദ്ധതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായി നടപ്പിലാക്കുന്നുവെന്ന് എ.ഡി.ജി.പി (ക്രമസമാധാനം) ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
2022 അവസാനം പോലീസ് തയ്യാറാക്കിയ ഗുണ്ടകളുടെ പട്ടികയിൽ 2272 പേരാണ് ഉണ്ടായിരുന്നതെന്നും ഇത് ഒന്നരവർഷം കൊണ്ട് 2815 ആയി ഉയർന്നുവെന്നും ആരോപിക്കുന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 438 കൊലപാതകങ്ങളും 1358 വധശ്രമങ്ങളും നടന്നതായി പരാതിക്കാരൻ ആരോപിച്ചു.
സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി ക്രമസമാധാന വിഭാഗം അഡീഷണൽ ഡി.ജി.പി റിപ്പോർട്ട് സമർപ്പിച്ചു. ഗുണ്ടാ വിളയാട്ടം തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
എല്ലാ പോലീസ് സ്റ്റേഷനുകളിലും ആന്റി സോഷ്യൽ രജിസ്റ്റർ സൂക്ഷിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരെ നിരീക്ഷിക്കാറുമുണ്ട്. ഗുണ്ടകളെ നിരീക്ഷിക്കുന്നതിന് ഓഗ്മെന്റ് ആക്ഷൻ എഗൈൻസ്‌റ്റ് ആന്റി സോഷ്യൽസ് ആന്റ് ഗുണ്ടാസ് നടപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
മയക്ക് മരുന്ന് തടയാൻ ഡി ഹണ്ട്, കുട്ടികൾക്കെതിരെയുള്ള അക്രമം തടയാൻ പി.ഹണ്ട്, സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ സി.വൈ ഹണ്ട്, ആയുധ ദുരുപയോഗം തടയാൻ ജി.ഹണ്ട് എന്നീ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.