Timely news thodupuzha

logo

കോണ്‍ഗ്രസ് വിട്ട കെ.വി തോമസിനായി സംസ്ഥാന ഖജനാവില്‍ നിന്ന് ഇതുവരെ ചെലവിട്ടത് 57.41 ലക്ഷം

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലേക്കെത്തി ഡല്‍ഹിയില്‍ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിതനായ മുൻ എം.പിയും മുൻ കേന്ദ്ര – സംസ്ഥാന മന്ത്രിയുമായ പ്രൊഫ. കെ.വി തോമസിനായി സംസ്ഥാന ഖജനാവില്‍ നിന്ന് ഇതുവരെ ചെലവിട്ടത് 57.41 ലക്ഷം രൂപ.

ഓണറേറിയവും മറ്റ് ഇനങ്ങളിലുമായാണ് തുക ചെലവിട്ടത്. പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയമായി കൈപ്പറ്റുന്ന കെ.വി തോമസിന് ഈ ഇനത്തില്‍ മാത്രം നല്‍കിയത് 19.38 ലക്ഷം രൂപയാണ്. ജീവനക്കാര്‍ക്കുള്ള വേതനവും മറ്റ് അലവന്‍സുകളുമായി 29.75 ലക്ഷം രൂപ അനുവദിച്ചു. വിമാന യാത്രാ ചെലവ് 7.18 ലക്ഷം രൂപയാണ്.

ഇന്ധന ചെലവിനും ഓഫീസ് ചെലവുകള്‍ക്കുമായി 1.09 ലക്ഷം രൂപയും ചെലവാക്കിയെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം വെളിപ്പെടുത്തി. രണ്ട് അസിസ്റ്റന്‍റുമാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്‍റ്, ഒരു ഡ്രൈവര്‍ എന്നിങ്ങനെയാണ് കെ.വി തോമസിനൊപ്പമുള്ളത്.

ഡല്‍ഹിയില്‍ ഏതൊക്കെ കാര്യങ്ങള്‍ക്കാണ് തോമസിന്‍റെ ഇടപെടല്‍ ഉണ്ടായതെന്ന സനീഷ് കുമാര്‍ ജോസഫിന്‍റെ ചോദ്യത്തിന്, കേരളത്തിന്‍റെ താത്പര്യങ്ങള്‍ ദേശീയ തലത്തില്‍ പ്രതിനിധീകരിക്കുന്നതിനായി കേന്ദ്ര മന്ത്രിമാരുമായി ഉയര്‍ന്നതലത്തില്‍ ചര്‍ച്ചകളും വിവിധ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകളും സംഘടിപ്പിക്കുകയും സംസ്ഥാന വികസനത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങളില്‍ തുടര്‍ച്ചയായി ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്നു മുഖ്യമന്ത്രി മറുപടി നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *