തൊടുപുഴ: കളഞ്ഞുകിട്ടിയ അര പവനോളം തൂക്കമുള്ള സ്വർണ്ണാഭരണം തൊടുപുഴ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് തൊടുപുഴ ന്യൂമാൻ കോളേജിന് സമീപം ഗാന്ധിനഗർ വൃന്ദാവൻ വീട്ടിൽ കെ.എൽ ശാന്തകുമാരി മാതൃകയായി. കഴിഞ്ഞ ദിവസം രാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് നടന്ന് വരുമ്പോഴാണ് തൊടുപുഴ പാർക്കിന് സമീപത്ത് വഴിയരികിൽ സ്വർണ്ണാഭരണം കിടക്കുന്നത് കണ്ടത്. ഉടൻ അത് കൈയിലെടുത്ത് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ശാന്തകുമാരി എത്തി. സ്റ്റേഷൻ പി.ആർ.ഒ അനിൽകുമാറിനെ ഏൽപ്പിച്ചു. സ്വർണ്ണത്തിന് മാനംമുട്ടെ വില ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിലും ശാന്തകുമാരി കാണിച്ച സത്യ സന്ധതയെ പോലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.