കൊച്ചി: ടൊവിനോ തോമസ് നായകനായ എ.ആർ.എം സിനിമയുടെ വ്യാജപതിപ്പ് ടെലഗ്രാമിൽ പ്രചരിപ്പിച്ച കേസിൽ തമിഴ് റോക്കേഴ്‌സ് അറസ്‌റ്റിൽ. സത്യമംഗലം സ്വദേശികളായ എ കുമരേശൻ(29), കെ പ്രവീൺകുമാർ(31) എന്നിവരെയാണ് കൊച്ചി സൈബർ പൊലീസ് ബംഗളൂരുവിൽനിന്ന് പിടികൂടിയത്. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് എആർഎം വ്യാജപതിപ്പ് ടെലഗ്രാമിൽ എത്തിയത്.
ട്രെയിൻ യാത്രയ്ക്കിടെ ഒരാൾ ചിത്രം മൊബൈൽ ഫോണിൽ കാണുന്ന ദൃശ്യം പുറത്തുവന്നിരുന്നു. സംവിധായകൻ ജിതിൻ ലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
ജനശതാബ്ദി എക്സ്പ്രസിൽ സഞ്ചരിക്കുകയായിരുന്ന ഒരു സുഹൃത്താണ് ഒരാൾ ഫോണിൽ സിനിമ കാണുന്നതിൻറെ ചിത്രം അയച്ചു നൽകിയിരുന്നത്.
പിന്നാലെ സംവിധായകൻ ജിതിൻ ലാൽ കൊച്ചി സൈബർ പൊലീസിൽ പരാതി നല്കുകയായിരുന്നു. വിശദമായ അന്വേഷണത്തിലാണ് ചിത്രം പകർത്തിയത് കോയമ്പത്തൂരിലെ എസ്‌ആർകെ മിറാജ് തിയറ്ററിൽ നിന്നാണ്. അന്വേഷക സംഘത്തിൽ എസ്.ഐമാരായ എൻ.ആർ ബാബു, പ്രിൻസ് ജോർജ്, എ.എസ്.ഐമാരായ ശ്യാംകുമാർ, സി.ആർ ഡോളി, സിപിഒമാരായ ഷറഫുദീൻ, ആൽഫിറ്റ് ആൻഡ്രൂസ് എന്നിവരുണ്ടായിരുന്നു.