തിരുവനന്തപുരം: കാൻസർ ചികിത്സാ രംഗത്ത് കേരളത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രാഥമിക തലത്തിൽ കാൻസർ നിർണ്ണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നൂതന പദ്ധതികളുടെ രൂപീകരണം, നിലവിലുള്ള റീജിണൽ കാൻസർ സെന്ററുകളെയും മെഡിക്കൽ കോളേജുകളിലെ കാൻസർ ചികിത്സ വിഭാഗങ്ങളെയും ശാക്തികരിക്കുന്നതിനോടൊപ്പം തന്നെ നടപ്പിലാക്കി വരുന്നു.
കാൻസർ കെയർ സ്യുട്ട് ഇ ഹെൽത്തിന്റെ സഹായത്തോടുകൂടി ആരോഗ്യ വകുപ്പ് അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പെന്ന ക്യാമ്പയിനിലുടെ കണ്ടെത്തിയ കാൻസർ രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെ സാധ്യമാക്കിയിരുന്നു. അതുപോലെ രോഗ സംശയം ഉള്ളവരെ വിദഗ്ദ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്ത് ചികിത്സക്ക് വഴിയൊരുക്കി.
ആരോഗ്യവകുപ്പിലെ സ്ഥാപനങ്ങളേയും കാൻസർ ചികിത്സ കേന്ദ്രങ്ങളേയും കോർത്തിണക്കുന്ന ഒരു കാൻസർ ഗ്രിഡിന്റെ മാതൃക എല്ലാ ജില്ലകളും തയ്യാറാക്കിയിരുന്നു. ഈ ബജറ്റിലും കാൻസർ ചികിത്സയ്ക്ക് 140 കോടിയോളം രൂപയാണ് വകയിരിത്തിയിരിക്കുന്നതെന്നും മന്ത്രി സൂചിപ്പിച്ചിരിക്കുകയാണ്. എല്ലാ വർഷവും ഫെബ്രുവരി നാലാം തീയതി ആഗോള തലത്തിൽ കാൻസർ ദിനമായി ആചരിക്കുന്നു. കാൻസർ രോഗത്തെ കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും കാൻസറിന് എതിരെ ആരോഗ്യ രംഗം സജ്ജമാക്കുന്നതിനും സമൂഹത്തെ കാൻസർ ഭിതിയിൽ നിന്നും മുക്തമാക്കുന്നതിനും വേണ്ടിയാണ് കാൻസർ ദിന സന്ദേശങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കാൻസർ ചികിത്സ രംഗത്തെ വിടവുകൾ നികത്തുകയെന്നതാണ് 2022 മുതൽ 2024 വരെയുള്ള ലോക കാൻസർ ദിന സന്ദേശം നൽകുന്നതിലൂടെയുള്ള ലക്ഷ്യം.
കാൻസറിന് എതിരെ പ്രവർത്തിക്കുവാനുള്ള സ്വരങ്ങൾ ഏകോപിപ്പിക്കുകയെന്ന ഈ വർഷത്തെ സന്ദേശം ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചിരിക്കുന്നത് കാൻസർ രോഗത്തിന് എതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളുടെയും സംഘടനകളുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയെന്ന ഉദ്ദേശ ലക്ഷ്യത്തോടു കൂടിയാണ്. ഇന്ന് രാവിലെ 10 ന് റീജിയണൽ കാൻസർ സെന്ററിൽ വെച്ച് ലോക കാൻസർ ദിന സംസ്ഥാനതല ഉദ്ഘാടനം നടത്തി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിച്ചു. എം.എൽ.എ കടകംപള്ളി സുരേന്ദ്രനായിരുന്നു അധ്യക്ഷത വഹിച്ചത്.