അടൂർ: പശുവിൻ്റെ അക്രമത്തിൽ നിന്നും ഭയന്നോടി കിണറ്റിൽ വീണ അമ്മയേയും കുഞ്ഞിനേയും രക്ഷപ്പെടുത്തി. പെരിങ്ങനാട് ചെറുപുഞ്ചയിലെ റബ്ബർ തോട്ടത്തിലുള്ള ഉപയോഗശൂന്യമായ കിണറ്റിലാണ് അമ്മയും ഒരു വയസുള്ള കുഞ്ഞും വീണത്. പെരിങ്ങനാട് കടയ്ക്കൽ കിഴക്കതിൽ വൈശാഖിന്റെ ഭാര്യ രേഷ്മ (24) ഒരു വയസ്സുള്ള മകൻ വൈഷ്ണവ് എന്നിവരെ തോട്ടത്തിൽ പുല്ലു തിന്നുകയായിരുന്ന പശു കുത്താൻ ഓടിച്ചപ്പോൾ പരിഭ്രമിച്ച് ഓടി മേൽ മൂടിയില്ലാത്ത കിണറിൽ വീഴുകയായിരുന്നു.
ശനിയാഴ്‌ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. അടൂർ അഗ്‌നി രക്ഷാസേന എത്തിയപ്പോഴേക്കും കുട്ടിയെ നാട്ടുകാർ കരയ്‌ക്കെടുത്തു. രേഷ്മയെ സേനയുടെ രക്ഷാ ഉപകരണങ്ങളുടെ സഹായത്താൽ രക്ഷപ്പെടുത്തി.
സ്റ്റേഷൻ ഓഫീസർ വി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അസി.സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ടി എസ് ഷാനവാസ്, ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ രവി ആർ, സാബു ആർ, സാനിഷ് എസ്, സൂരജ് എ, ഹോം ഗാർഡ് ഭാർഗ്ഗവൻ എന്നിവർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.