നവിമുംബൈ: പൻവേൽ ജിആർപിയിൽ ജോലി ചെയ്തിരുന്ന ജിആർപി കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയുടെ കാമുകൻ ഉൾപ്പെടെ നാലു പേർ പിടിയിൽ. ജനുവരി ഒന്നിന് പുലർച്ചെയാണ് കൊല നടന്നത്. പ്രതിയെ തിരിച്ചറിയാൻ 24 രൂപയുടെ ജി പേ ഇടപാട് സഹായകമായി.
കൊല്ലപ്പെട്ടത് പോലീസ് കോൺസ്റ്റബിൾ വിജയ് ചവാൻ (42) ആണെന്ന് കണ്ടെത്തിയിരുന്നു . ഭാര്യ പൂജ ചവാൻ തന്‍റെ കാമുകനും സുഹൃത്തുക്കളുമായ ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് ചവാൻ കൊല്ലപ്പെട്ടത്.
പൂജയുടെ കാമുകൻ ഭൂഷൺ നിംബ ബ്രാഹ്മണെ (29) ആണ് മുഖ്യപ്രതി, ബ്രാഹ്മണെയുടെ സുഹൃത്തുക്കളായ പ്രകാശെന്ന ധീരജ് ഗുലാബ് ചവാൻ (23), പ്രവീൺ ആബ പാൻപാട്ടിൽ (21) എന്നിവരും കൂട്ടു പ്രതികളാണ്.
കൊല്ലപ്പെട്ട ചവാന്‍റെ ഭാര്യയെ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. പൂജ ഭൂഷൻ നിംബ ബ്രാഹ്മണെയുമായി വിവാഹേതര ബന്ധത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബ്രാഹ്മണെയ്ക്കൊപ്പം കഴിയാനായി ഭർത്താവിനെ ഇല്ലാതാക്കാൻ പൂജ ആഗ്രഹിച്ചിരുന്നു. ഡിസംബർ 31 ന് രാവിലെ പ്രകാശ് ചവാനെ വിളിച്ച് പുതുവത്സരാഘോഷത്തിന് ഒരു പാർട്ടി ക്രമീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു.
വൈകുന്നേരം ചവാനും പ്രതിയും ഒരു കാറിൽ ഇരുന്ന് മദ്യപിച്ചു , പിന്നീട് ഒരു സ്റ്റാളിൽ നിന്ന് ഭുർജി പാവ് വാങ്ങി. ചവാൻ ജിപേ വഴി പണമടച്ചു. അതായിരുന്നു അദ്ദേഹം നടത്തിയ അവസാനത്തെ ജിപേ ഇടപാട്. പോലീസ് പിന്നീട് സ്റ്റാളും പരിസരത്തെ സിസിടിവി ദൃശ്യങ്ങളും കണ്ടെത്തുകയും കൂടെയുണ്ടായിരുന്നവരെ പിടികൂടുകയും ആയിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
കാറിനുള്ളിൽ വെച്ച് ചവാനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതികൾ മൃതദേഹം ട്രാൻസ്-ഹാർബർ റൂട്ടിലെ റബാലെ, ഘാൻസോളി സ്റ്റേഷനുകൾക്കിടയിലുള്ള ട്രാക്കുകൾക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ എത്തിച്ചു.
ആദ്യത്തെ ലോക്കൽ ട്രെയിൻ വരുന്നതുവരെ ഏകദേശം നാല് മണിക്കൂറോളം പ്രതികൾ ഒളിച്ചിരുന്നു. ട്രെയിൻ അടുത്തെത്തിയപ്പോൾ, അവർ ചവാന്‍റെ മൃതദേഹം ട്രാക്കിലേക്ക് തള്ളിയിട്ടു, ട്രെയിൻ ഇടിച്ചുണ്ടായ അപകട മരണമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം.
എന്നാൽ, കൃത്യസമയത്ത് മൃതദേഹം ശ്രദ്ധയിൽപ്പെട്ട ട്രെയിനിന്‍റെ മോട്ടോർമാൻ റെയിൽവേ ഡിപ്പാർട്മെന്‍റിനെ അറിയിച്ച് ട്രെയിൻ നിർത്തി. തുടർന്നുള്ള അന്വേഷണത്തിൽ നാല് പ്രതികളും അറസ്റ്റിലായി, എല്ലാവരും പോലീസ് കസ്റ്റഡിയിലാണ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ജിആർപി) മനോജ് പാട്ടീൽ പറഞ്ഞു.