തലശേരി: നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് ജില്ലാ കളക്റ്റർ അരുൺ കെ വിജയനാണെന്ന് പി.പി ദിവ്യ കോടതിയിൽ.
അനൗപചാരികമായാണ് ക്ഷണിച്ചതെന്നും യോഗത്തിനെത്തുമെന്ന് കലക്റ്ററെ ഫോൺ ചെയ്ത് അറിയിച്ചിരുന്നുവെന്നും ദിവ്യ വ്യക്കമാക്കി. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ തലശേരി പ്രിൻസിപ്പൽ സെക്ഷൻ കോടതിയിൽ വാദം തുടരുകയാണ്. നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തിലെത്തിയതും സംസാരിച്ചതും നല്ല ഉദ്ദേശത്തോടെയാണെന്നും അഴിമതി കാണുമ്പോൾ ഇടപെടേണ്ടത് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണെന്നും ദിവ്യ കോടതിയിൽ പറഞ്ഞു.
അഴിമതിക്കെതിരെയുള്ള സന്ദേശമാണെന്ന് കരുതിയാണ് പരസ്യമായി യോഗത്തിൽ പ്രതികരിച്ചത്. ജനങ്ങൾ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയതെന്നുമാണ് പി.പി ദിവ്യ കോടതിയിൽ ഉയർത്തുന്ന വാദങ്ങൾ. എ.ഡി.എം തെറ്റുകാരനല്ല വിശുദ്ധനാണെങ്കില്‍ എ.ഡി.എം എന്തുകൊണ്ട് പ്രസംഗത്തില്‍ ഇടപെട്ടില്ല.
എ.ഡി.എമ്മിന് അദ്ദേഹത്തിന്‍റെ വാദം പറയാമായിരുന്നു. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ എഡിഎമ്മിന് തന്നെ വന്നു കാണാമായിരുന്നു. ചടങ്ങില്‍ വീഡിയോ ഗ്രാഫര്‍ വന്നതില്‍ എന്താണ് തെറ്റൊന്നുമില്ലെന്നും പൊതുചടങ്ങാണ് നടന്നതെന്നും അതിലേക്ക് പ്രത്യേകം ആരെയും ക്ഷണിക്കേണ്ടതില്ലെന്നും ദിവ്യ വാദിച്ചു. തനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സംസാരിച്ചത്.
പരാതിക്കാരുടെ പരാതി കള്ളമാണോയെന്ന് തനിക്ക് അറിയില്ലെന്നും അത് അന്വേഷിക്കേണ്ടത് പൊലീസാണെന്നും ദിവ്യ പറഞ്ഞു. ആത്മഹത്യാ പ്രേരണയ്ക്ക് കാരണമായ യാതൊന്നും പറഞ്ഞിട്ടില്ല.
ടിവി ഓഫ് ചെയ്യാന്‍ അമ്മ പറഞ്ഞാല്‍ കുട്ടി ഉടന്‍ ആത്മഹത്യ ചെയ്താല്‍ അമ്മയ്‌ക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാകുമോയെന്നും കോടതിയിൽ ദിവ്യയുടെ അഭിഭാഷകൻ ചോദിച്ചു.
ഇങ്ങനെയെങ്കില്‍ അഴിമതിക്കെതിരെ എന്തെങ്കിലും പറയാനാകുമോ, എ.ഡി.എമ്മിന് എല്ലാവിധ ആശംസകളും നേരുന്നു എന്നാണ് പറഞ്ഞത്. എ.ഡി.എം സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് വിഷമമുണ്ടാകേണ്ട കാര്യമില്ലെന്നും ദിവ്യ കോടതിയില്‍ വ്യക്തമാക്കി.