Timely news thodupuzha

logo

പി.പി ദിവ്യക്കെതിരായ നടപടി; പൊലീസ് ഒരു ദിവസം കൂടി കാക്കും

കണ്ണൂർ: എ.ഡി.എം നവീൻബാബു ജീവനൊടുക്കിയ കേസിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ടിരിക്കുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും സി.പി.എം നേതാവുമായ പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച കോടതി വിധി പറയാനിരിക്കെ ഒരു ദിവസം കൂടി കാത്ത ശേഷം നടപടിയുമായി മുന്നോട്ടു പോകാൻ പൊലീസ്. മുൻകൂർ ജാമ്യാപേക്ഷയിൽ തലശേരി സെഷൻസ് കോടതി വിധി എതിരായാൽ ദിവ്യയെ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.

വിധി എതിരായാൽ പി.പി ദിവ്യ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെങ്കിലും അറസ്റ്റിന് തടസമില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. സെഷൻസ് കോടതി ഉത്തരവ് വരുന്നത് വരെ ദിവ്യയെ പൊലീസ് തൊടില്ല.

ദിവ്യ കണ്ണൂരിൽ തന്നെയുണ്ടെങ്കിലും കടുത്ത നടപടിയിലേക്ക് നീങ്ങാതെ കാത്തിരിക്കുകയാണ് പൊലീസ്. കേസിൽ ദിവ്യക്കെതിരേ തെളിവുണ്ടോയെന്ന പരിശോധനയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

യാത്രയയപ്പ് ദിവസത്തെ വിവരങ്ങൾ ശേഖരിക്കുന്നതിന് കലക്‌ടറുടെ ഗൺമാനടക്കമുള്ളവരെ കണ്ട് പൊലീസ് മൊഴി രേഖപ്പെടുത്തി. അതേസമയം, പി.പി ദിവ്യക്കെതിരേ ജാമ്യം ലഭിക്കാവുന്ന ദുർബല വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

ആത്മഹത്യാ പ്രേരണാ കുറ്റം മാത്രമാണ് ദിവ്യക്കെതിരേ ചുമത്തിയിട്ടുള്ളത്. ക്ഷണിക്കാതെ വേദിയിൽ അധികാരമുപയോഗിച്ച് കടന്നു ചെന്നതിനടക്കം വിവിധ വകുപ്പുകൾ ചുമത്താൻ കഴിയുമായിരുന്നിട്ടും പൊലീസ് അത് ചെയ്തില്ലെന്ന് നിയമവൃത്തങ്ങൾ കുറ്റപ്പെടുത്തുന്നു.

Leave a Comment

Your email address will not be published. Required fields are marked *