Timely news thodupuzha

logo

പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പ്രസ്താവനയ്ക്ക് പിന്നാലെ പൂരം കലക്കലിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

തൃശൂർ: പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനയ്ക്കു പിന്നാലെ പൂരം കലക്കലിൽ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

പൂരം കലക്കലുമായി ബന്ധപ്പെട്ട് നേരത്തെ രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൃശൂർ പൂരം കലക്കലിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിനാണ് കേസ്.

ഗൂഢാലോചന കൂടാതെ, ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാൻ ശ്രമിക്കൽ, സർക്കാരിനെതിരായ കലാപത്തിനുള്ള ശ്രമം, മതപരമായ ആചാരങ്ങൾ തടസപ്പെടുത്താനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. അതേസമയം, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആരുടെയും പേരുകൾ ഇതിൽ പരാമർശിക്കുന്നില്ല.

ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേശിൻറെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുന്നത്. ത്രിതല അന്വേഷണമാണ് സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

എ.ഡി.ജി.പി എം.ആർ അജിത് കുമാറിൻറെ നേതൃത്വത്തിൽ നേരത്തെ നടത്തിയ അന്വേഷണത്തെ തുടർന്ന് സമർപ്പിച്ച റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ, ഗൂഢാലോചന ഉൾപ്പെടെയുള്ള സംശയങ്ങളെക്കുറിച്ചാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്.

തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്.പി സാബു മാത്യു, കൊച്ചി അസിസ്റ്റൻറ് കമ്മിഷണർ പി രാജ്കുമാർ, വിജിലൻസ് ഡി.വൈ.എസ്.പി ബിജു വി നായർ, ഇൻസ്പെക്റ്റർമാരായ ചിത്തരഞ്ജൻ, ആർ ജയകുമാർ എന്നിവരാണ് പ്രത്യേക സംഘത്തിലെ മറ്റംഗങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *