Timely news thodupuzha

logo

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ വിധി ഇന്ന്

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ ഇന്ന് വിധി പറയും. രാവിലെ 11ന് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ വിനായക റാവു ശിക്ഷ വിധിക്കും.

കേസിൽ അനീഷിൻറെ ഭാര്യ ഹരിതയുടെ അമ്മാവൻ സുരേഷും ഹരിതയുടെ അച്ഛൻ പ്രഭുകുമാറും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2020 ക്രിസ്‌മസ് ദിനത്തിൽ പൊതു സ്ഥലത്ത് വച്ച് അനീഷിനെ(27) വെട്ടി കൊലപ്പെടുത്തുക ആയിരുന്നു.

വിവാഹത്തിൻറെ 88ആം നാളിലായിരുന്നു കൊലപാതകം. മേൽജാതിക്കാരിയായ ഹരിതയെ പിന്നോക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻറെ വാദം.

കേസിൽ സുരേഷ് ഒന്നാം പ്രതിയും പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്. പെയിൻറിംഗ് തൊഴിലാളിയായ അനീഷും ഹരിതയും സ്‌കൂൾ പഠന കാലം മുതൽ പ്രണയത്തിലായിരുന്നു.

വിവാഹം കഴിഞ്ഞത് മുതൽ നിരവധി തവണ പ്രതികൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി.

പ്രതികളെ തൂക്കി കൊല്ലണമെന്നും കടുത്ത ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേരത്തെ കൊല്ലപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിത പ്രതികരിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *