പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിലെ വിധിയിൽ തൃപ്‌തിയില്ലെന്ന് പ്രതികരിച്ച് അനീഷിന്‍റെ ഭാര്യ ഹരിത. കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയുമായിരുന്നു പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചിരുന്നത്.
എന്നാൽ ശിക്ഷ പോരായെന്നും ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നതായി ഹരിത പറഞ്ഞു. ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നു. ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് അവർക്ക് ഈ ശിക്ഷ കൊടുത്തതിൽ എനിക്ക് തൃപ്തിയില്ല. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് വധശിക്ഷയായിരുന്നു. വധശിക്ഷ തന്നെ കൊടുക്കണം.
കൂടുതൽ ശിക്ഷയ്ക്ക് അപ്പീൽ പോകും. വിചാരണ ഘട്ടത്തില്‍ പ്രതികൾക്കെതിരെ വിധി പറഞ്ഞാൽ എന്നെയും കൊല്ലുമെന്നൊക്കെ ഭീഷണികൾ ഉണ്ടായിരുന്നു. പരിസരത്തുള്ള ആളുകളാണ് ഭീഷണിപ്പെടുത്തിയതെന്നും ഹരിത മാധ്യമങ്ങളോട് പറഞ്ഞു. ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ പോരെന്ന് തന്നെയായിരുന്നു അനീഷിന്‍റെ അച്ഛന്‍റെയും പ്രതികരണം.
കേസിൽ അനീഷിന്‍റെ ഭാര്യ ഹരിതയുടെ അമ്മാവനും അച്ഛനുമായ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ. വിനായക റാവുവാണ് ശിക്ഷ വിധിച്ചത്.