Timely news thodupuzha

logo

ഇന്ത്യ, ചൈന സൈനികരുടെ പിന്മാറ്റം പൂർത്തിയായി

ന്യൂഡൽഹി: കിഴക്കൻ ലഡാഖിലെ ഡെംചോക്കിലും ദെപ്സാങ് സമതലത്തിലും ഇന്ത്യ, ചൈന സൈനികരുടെ പിന്മാറ്റം പൂർത്തിയായി. ഇവിടെ പട്രോളിങ്ങ് ഉടൻ പുനരാരംഭിക്കും.

സൈനിക പിന്മാറ്റത്തിനൊപ്പം ഇവിടെ നടത്തിയ താത്കാലിക നിർമാണങ്ങൾ പൊളിച്ചുമാറ്റി. പ്രതിരോധ സാമഗ്രികളും സൈനിക വാഹനങ്ങളും ബേസ് ക്യാംപുകളിലേക്ക് തിരികെ കൊണ്ടുപോയി. ഇരുസേനകളും ദീപാവലി ആശംസകളും മധുരവും കൈമാറുമെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു.

എന്നാൽ, ഇത് എവിടെ വച്ചായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. അതിർത്തിയിലുടനീളം വിവിധ സൈനിക പോസ്റ്റുകളിൽ മധുരം കൈമാറുന്നതാണു സംഘർഷത്തിന് മുമ്പുപുള്ള രീതി.

ഇരുപക്ഷത്തിൻറെയും പരിശോധനകൾ‌ തുടരുകയാണ്. ഇതിനുശേഷമാകും പട്രോളിങ്ങ് സംബന്ധിച്ച തീരുമാനം. ഇതിനായി കമാൻഡർമാർ കൂടിക്കാഴ്ച നടത്തും. 2020 ഏപ്രിലിന് മുൻപുള്ള സ്ഥിതിയിൽ പട്രോളിങ്ങ് നടത്താനാണ് ധാരണ. നാല് വർഷത്തെ സംഘർഷത്തിന് ശേഷമാണ് കിഴക്കൻ ലഡാഖിൽ യഥാർത്ഥ നിയന്ത്രണ രേഖ(എൽ.എ.സി) സമാധാനത്തിലേക്കു മടങ്ങുന്നത്.

2020 ജൂണിൽ ഗാൽവൻ താഴ്‌വരയിലുണ്ടായ സംഘർഷത്തിന് ശേഷം ഇരുപക്ഷവും ഇവിടെ വൻതോതിൽ സേനയെ വിന്യസിച്ചിരുന്നു. ഇപ്പോഴുണ്ടായ സമവായം ഉഭയകക്ഷി ബന്ധത്തെ സുഗമമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ്ങ് പ്രത്യാശ പ്രകടിപ്പിച്ചു.

ഏതെങ്കിലും പ്രത്യേക വിയോജിപ്പുകൾ ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം. സൈനിക പിന്മാറ്റം ശരിയായ ക്രമത്തിൽ നടക്കുകയാണെന്നു ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *