Timely news thodupuzha

logo

രാജസ്ഥാൻ സഞ്ജു സാംസണെ നിലനിർത്തും

ജയ്പുർ: ഐ.പി.എൽ മെഗാ ലേലത്തിനു മുന്നോടിയായി രാജസ്ഥാൻ റോയൽസ് നിലനിർത്തുന്ന താരങ്ങളിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ, ഓപ്പണർ യശസ്വി ജയ്സ്വാൾ, മധ്യനിര ബാറ്റർ റിയാൻ പരാഗ്, സ്വിങ് ബൗളർ സന്ദീപ് ശർമ എന്നിവർ ഉൾപ്പെടുന്നു.

അതേസമയം, ഇംഗ്ലണ്ടിൻറെ ടി20 ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ ജോസ് ബട്ലറെയും ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേസന്ദ്ര ചഹലിനെയും ഒഴിവാക്കും. ഒഴിവാക്കുന്ന താരങ്ങളെ തിരിച്ചുപിടിക്കാൻ റൈറ്റ് ടു മാച്ച് സൗകര്യം രാജസ്ഥാന് ഉപയോഗിക്കാൻ സാധിക്കും.

ഇത്തരത്തിൽ ബട്ലറെയും ചഹലിനെയും ടീമിൽ തിരിച്ചെത്തിക്കാനുള്ള സാധ്യതയും അവശേഷിക്കുന്നു. വിക്കറ്റ് കീപ്പർ ധ്രുവ് ജുറലിൻറെ കാര്യത്തിലാണ് ടീം മാനെജ്മെൻറ് ഇനി പ്രധാനമായും തീരുമാനമെടുക്കാനുള്ളത്.

അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് 2022ൽ ടീമിലെത്തിയ ജുറൽ അതിനു ശേഷം ശ്രദ്ധേയ പ്രകടനങ്ങളോടെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ വരെ ഇടം നേടിയിരുന്നു. അഞ്ച് വർഷത്തിനിടെ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ലാത്തതിനാൽ സന്ദീപ് ശർമയെ അൺക്യാപ്പ്ഡ് പ്ലെയറായി കണക്കാക്കും.

ഈ രീതിയിൽ നാല് പേരെ മാത്രമാണ് നിലനിർത്തുന്നതെങ്കിൽ, ലേലത്തിൽ ചെലവാക്കാവുന്ന 120 കോടി രൂപയിൽ 47 കോടി ഇപ്പോൾ തന്നെ കുറയും. ജുറലിനെ കൂടി നിലനിർത്തിയാൽ 65 കോടിയും. അതേസമയം, സഞ്ജുവിൻറെയും പരാഗിൻറെയും കാര്യത്തിൽ രാജസ്ഥാൻ മാനേജ്മെൻറിന് രണ്ടാമതൊന്ന് ആലോചിക്കേണ്ട സ്ഥിതിയില്ല.

കഴിഞ്ഞ സീസണിൽ സഞ്ജു 531 റൺസെടുത്തപ്പോൾ പരാഗ് 573 റൺസെടുത്തിരുന്നു. ടീം പ്ലേ ഓഫിലെത്തുകയും ചെയ്തിരുന്നു. ജയ്സ്വാൾ കഴിഞ്ഞ സീണിൽ പതിവ് ഫോമിൽ ആ‍യിരുന്നില്ലെങ്കിലും രാജ്യത്തെ ഏറ്റവും മികച്ച യുവ ബാറ്റർമാരിൽ ഒരാളായാണ് എണ്ണപ്പെടുന്നത്. 2022ൽ ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപ്പും നേടിയവരാണ് ബട്ലറും ചഹലും.

Leave a Comment

Your email address will not be published. Required fields are marked *