പാലക്കാട്: സന്ദീപ് വാര‍്യരെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എൽ.ഡി.എഫ് കൺവീനർ റ്റി.പി രാമകൃഷ്ണനും. മാധ‍്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
സന്ദീപ് നിലവിൽ ബി.ജെ.പി പ്രവർത്തകനാണെന്നും ഇടതുപക്ഷനയം അംഗീകരിച്ചാൽ പാർട്ടിയിലേക്ക് സ്വീകരിക്കുമെന്നും എൽ.ഡി.എഫ് കൺവീനർ റ്റി.പി രാമകൃഷ്ണ്ൻ പറഞ്ഞു. സരിനെ പോലെയല്ല സന്ദീപ് വാര‍്യരെന്നും സരിൻ ഇടതുപക്ഷ നയം അംഗീകരിച്ച് വന്നയാളാണ്.
ഇടതുനയം അംഗീകരിക്കുന്ന ആരെയും ഞങ്ങൾ സ്വീകരിക്കും. പാർട്ടിയുടെ ദേശീയ നയം ചർച്ചയാവുന്നതെയുള്ളു. മധുര പാർട്ടി കോൺഗ്രസിൽ നയം പ്രസിദ്ധീകരിക്കുമെന്നും അദേഹം വ‍്യക്തമാക്കി.
അതേസമയം സന്ദീപ് ഇടതുപക്ഷ നിലപാട് സ്വീകരിച്ച് വന്നാൽ സന്ദീപിനെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. സന്ദീപുമായി താൻ സംസാരിച്ചിട്ടില്ല. സന്ദീപിനെ പാർട്ടിയിലെടുക്കുക അത്ര എളുപ്പമല്ല. കൂടാതെ ചേലക്കരയിൽ എൽഡിഎഫ് ജയിക്കുമെന്ന് അദേഹം കൂട്ടിചേർത്തു. അപമാനം നേരിട്ട് പാലക്കാട്ടേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്നായിരുന്നു സന്ദീപ് വാര‍്യർ കഴിഞ്ഞ ദിവസം വ‍്യക്തമാക്കിയിരുന്നത്.
പാലക്കാട് ബി.ജെ.പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെതിരെയും സന്ദീപ് വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര‍്യത്തിലാണ് എം.വി ഗോവിന്ദനും, റ്റി.പി രാമകൃഷ്ണനും സന്ദീപിനെ എൽ.ഡി.എഫിലേക്ക് സ്വാഗതം ചെയ്തത്.