കൊച്ചി: മുനമ്പത്ത് നിന്ന് ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ലെന്നും പ്രശ്നം നിയമപരമായി പരിഹരിക്കുമെന്നും കേരള വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ. കൊച്ചിയിൽ മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
വിഷയം കോടതി തീരുമാനിക്കട്ടെയെന്നും വഖഫ് ഭൂമി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്നും അദേഹം പറഞ്ഞു. വഖഫിൻറെ പ്രവർത്തനത്തിന് കേന്ദ്ര നിയമമുണ്ടെന്നും അതനുസരിച്ചേ തങ്ങൾ മുന്നോട്ട് പോവുകയുള്ളുവെന്ന് അദേഹം കൂട്ടിചേർത്തു.
നവംബർ 16ന് മുഖ‍്യമന്ത്രി വിളിച്ചിട്ടുള്ള ഉന്നതതല യോഗത്തിൽ രേഖകൾ സമർപ്പിക്കുമെന്ന് അദേഹം വ‍്യക്തമാക്കി. നിലവിൽ 12 പേർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ബോർഡിന് ലഭിച്ചിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കുന്നത്. ചൊവാഴ്ച നടക്കുന്ന വഖഫ് ബോർഡ് യോഗത്തിൽ മുനമ്പം വിഷയം ചർച്ച ചെയ്യില്ല.