ന‍്യൂഡൽഹി: ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിലെ മുഖ‍്യപ്രതി ഉത്തർപ്രദേശിൽ പിടിയിലായി. പ്രതിയായ ശിവകുമാർ ഗൗതമിനെ മുംബൈ പൊലീസും ഉത്തർപ്രദേശ് പൊലീസും സംയുക്തമായി ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നിന്നുമാണ് പിടികൂടിയത്.
നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ശിവകുമാറിനെതിരെ പൊലീസ് തെരച്ചിൽ നോട്ടീസ് പുറത്തിറക്കിയിരുന്നു. ഗൗതമിനെ രക്ഷപ്പെടാൻ സഹായിച്ചതിന് അനുരാഗ് കശ്യപ്, ഗ്യാൻ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേന്ദ്ര പ്രതാപ് സിംഗ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒക്‌ടോബർ 12നാണ് മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ ബാബ സിദ്ദിഖി(66) വെടിയേറ്റ് കൊല്ലപ്പെട്ടത്. മകൻ സീഷൻ സിദ്ദിഖിൻറെ ഓഫീസിൽ നിന്ന് ഇറങ്ങി കാറിൽ കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു വെടിയേറ്റത്. പിടിയിലായ ഗൗതമും കൂട്ടാളികളും ലോറൻസ് ബിഷ്ണോയുടെ സംഘത്തിലുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.