Timely news thodupuzha

logo

ശബരിമല നട തുറന്നു

ശബരിമല: ശ്രീകോവിൽ നട തുറന്നു. ശബരിമല സന്നിധിയിൽ ദർശന സൗഭാഗ്യം തേടിയെത്തിയവർ നിറഞ്ഞ മനസ്സോടെ അയ്യപ്പനെ തൊഴുതു. ഇനി മകരവിളക്കു കഴിഞ്ഞ് നടയടയ്ക്കും വരെ ശരണമന്ത്ര മുഖരിതമാവും അയ്യപ്പസന്നിധി.

വെള്ളിയാഴ്ച വൈകിട്ട് നാലിന് നടതുറന്നപ്പോൾ ശരണം വിളികളാൽ സന്നിധാനം നിറഞ്ഞു. തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്. വെള്ളിയാഴ്ച പൂജകൾ ഉണ്ടായിരുന്നില്ല. പുതിയ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ഇന്ന് നട തുറന്നു.

മാളികപ്പുറം മേൽശാന്തി പി.ജി മുരളി മാളികപ്പുറത്ത് നട തുറന്നു. പുതിയ മേൽശാന്തി ടി.വാസുദേവൻ നമ്പൂതിരിയാണ് ഇന്ന് നട തുറന്നു. പതിനെട്ടാം പടിക്കു താഴെയുള്ള ആഴിയിൽ അഗ്‌നി തെളിച്ചതോടെ പതിനെട്ടാം പടി ഭക്തർക്കായി തുറന്നു കൊടുത്തു.

ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. കെ. അജികുമാർ, സി.ജി. സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിൽ അവസാന വട്ട ക്രമീകരണങ്ങൾ വിലയിരുത്തി.

കേരളത്തിനു പുറമേ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് , തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഭക്തരെ ഉച്ചയോടെ പമ്പയിൽ നിന്ന് കടത്തിവിട്ടു. 2.25 ന് ആദ്യ സംഘം വലിയ നടപ്പന്തലിലെത്തി. സന്നിധാനത്ത് തന്നെ തങ്ങുന്ന പലരും പുലർച്ചെ നെയ്യഭിഷേകവും നടത്തിയാകും മടങ്ങുക. വെർച്വൽ ക്യൂ വഴി ഒരു ദിവസം 70000 പേർക്കാണ് ദർശനം അനുവദിക്കുക. 10,000 പേർക്ക് സ്‌പോട്ട് ബുക്കിങ് വഴിയും ദർശനം ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *