Timely news thodupuzha

logo

പാലക്കാട് നിശബ്ദ പ്രചാരണം

പാലക്കാട്: തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി. നിശബ്ദ പ്രചാരണ ദിവസമായ ചൊവ്വാഴ്ച പരമാവധി വീടുകളിൽ സന്ദർശിക്കാനാണ് പാർട്ടികളുടെ ശ്രമം.

ഷാഫി പറമ്പിലിന് ലഭിച്ച ഭൂരിപക്ഷം കുറയാതെ നിലനിർത്തുക എന്നതാണ് രാഹുലിൻറെയും യു.ഡി.എഫിൻറെയും ലക്ഷ്യം. എന്നാൽ യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫിലേക്ക് മാറിയ സരിനിലൂടെ പലതവണ കൈവിട്ടുപോയ പാലക്കാട് സ്വന്തമാക്കാമെന്നാണ് എൽ.ഡി.എഫിൻറെ പ്രതീക്ഷ. 2021ൽ മെട്രോമാൻ ഇ ശ്രീധരൻ നേടിയ വോട്ടുകളും മറികടന്ന് നിയമസഭയെന്ന ഒറ്റ ലക്ഷ്യത്തിലാണ് പാർട്ടി പ്രവർത്തിക്കുന്നത്.

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിർദ്ദിഷ്ട പോളിങ് സ്‌റ്റേഷനുകൾക്കും വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രമായ ഗവ.വിക്ടോറിയ കോളെജിനും ചൊവ്വാഴ്ച അവധി.

ഉപതെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്ക് അസൗകര്യങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക പരിഗണ നൽകിയാണ് തെരഞ്ഞെടുപ്പ് നടത്തിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭിന്നശേഷി സൗഹൃദം ഉറപ്പു വരുത്തുന്നതിനായി 184 ബൂത്തുകളും താഴത്തെ നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ബൂത്തുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി എല്ലാ ബൂത്തുകളിലും റാംപ് സൗകര്യം, ചലന വൈകല്യമുള്ളവർക്ക് വീൽ ചെയർ, കാഴ്ച പരിമിതി ഉള്ളവരെ സഹായിക്കുന്നതിനായി സഹായികൾ, കുടിവെള്ളം, വോട്ടിങ് മെഷീനിൽ ബ്രെയിൻ ലിപി എന്നിവ ഒരുക്കിയിട്ടുണ്ട്.

ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും വോട്ട് രേഖപ്പെടുത്തുന്നതിന് വരി നിൽക്കേണ്ട ആവശ്യമില്ല. അത്യാവശ്യ ഘട്ടങ്ങളിൽ ഇവർക്ക് വാഹന സൗകര്യം ലഭിക്കും.

സക്ഷം ആപ്പിലൂടെ വീൽ ചെയറും മറ്റു സൗകര്യങ്ങളും ഭിന്ന ശേഷിക്കാർക്ക് ആവശ്യപ്പെടാവുന്നതാണ്. വെണ്ണക്കര സർക്കാർ ഹൈസ്‌കൂളിലെ പ്രധാന കെട്ടിടം ഭിന്നശേഷിക്കാർ മാത്രമുള്ള പോളിംഗ് ബൂത്തായി സജ്ജീകരിച്ചിട്ടുണ്ട്. എ.എൽ.പി സ്‌കൂൾ മാത്തൂറിലാണ് ഏറ്റവും കൂടുതലായ 145 ഭിന്നശേഷി വോട്ടർമാരുള്ളത്.

ഇവിടെ ചലന വൈകല്യമുള്ള 77 പേരും, കാഴ്ച പരിമിതിയുള്ള അഞ്ച് പേരുമാണ് ഉള്ളത്. മണപ്പുള്ളിക്കാവ് ട്രൂ ലൈൻ പബ്ലിക് സ്‌കൂളിലാണ് കാഴ്ചപരിമിതിയുള്ള വോട്ടർമാർ കൂടുതലുള്ളത്. ജില്ലാ സാമൂഹ്യ നീതി ഓഫീസറായ സമീർ മച്ചിങ്ങലാണ് നോഡൽ ഓഫീസർ.

Leave a Comment

Your email address will not be published. Required fields are marked *