തിരുവനന്തപുരം: കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 23, 24 തീയതികളിൽ രണ്ടു ദിവസത്തെ മഴയേ ചിത്രരചനാ ക്യാമ്പ് ആലപ്പുഴ കർമ്മ സദനിൽ വച്ച് നടത്തുന്നു. കേരളത്തിന്റെ എല്ലാ ജില്ലകളിൽനിന്നുമായി 325കലാ പ്രതിഭകൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. 110 ളം ചിത്രകാരികളും ഈ ക്യാമ്പിൽ പങ്കെടുക്കുന്നു എന്നത് ശ്രദ്ധേയമാണ്.
രണ്ടടി സമചതുരത്തിലുള്ള ക്യാൻവാസിൽ ആക്രിലിക് കളറുകൾ ഉപയോഗിച്ചായിരിക്കും ചിത്രങ്ങൾ രചിക്കുന്നത്. ചിത്ര കലാകാരികൾക്കും കലാകാരന്മാർക്കും ആവശ്യമായ താമസം, ഭക്ഷണം, ക്യാൻവാസ് എന്നിവ ക്യാമ്പിൽ സജ്ജീകരിച്ചിട്ടുണ്ട്.
23ന് വൈകിട്ട് നാലിന് കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് പെർഫോമൻസ് ആസ് വിഷ്വൽ ആർട്ട് എന്ന വിഷയത്തിൽ സ്ലൈഡ് ഷോയും പ്രഭാഷണവും നടത്തും. ചിത്ര കലാപരിഷത്തിന്റെ സീനിയർ മെമ്പർ പി.സി മാമനെ വേദിയിൽ ആദരിക്കും.
ഇത് മൂന്നാം വർഷമാണ് മഴയേ ചിത്രകലാ ക്യാമ്പ് കേരള ചിത്രകലാ പരിഷത് നടത്തുന്നത്. മുൻ വർഷങ്ങളിലും 300 ഓളം ചിത്രകാർ ക്യാമ്പിൽ പങ്കെടുത്തിരുന്നു. പങ്കാളിത്വം കൊണ്ട് കെ.സി.പിയുടെ മഴയേ ക്യാമ്പ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ദ്വിദിന ചിത്രരചന ക്യാമ്പ് ആണ്.
തൃശ്ശൂർ ഹെഡ് ഓഫീസ് ആയി 1961ൽ ആണ് ചിത്രകലാ പരിഷത്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ എല്ലാ ജില്ലകളിലും ചിത്രകലാ പരിഷത്തിന് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ആയിരത്തിലധികം ചിത്രകാരർ ആജീവനാന്ത അംഗങ്ങളായി ഉണ്ട്.
എല്ലാ ജില്ല യുണിറ്റിലും എല്ലാ മാസവും ചിത്രകലാ ക്യാമ്പുകൾ, പ്രദശനങ്ങൾ, ചർച്ച ക്ലാസുകൾ മുതലായവ നടത്തി വരുന്നു. വയനാട് ദുരന്തബാധിരെ സഹായിക്കുവാൻ ചിത്രകലാ പരിഷത് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും തത്സമയ ചിത്രരചനയും വില്പനയും നടത്തി 4 ലക്ഷം രൂപ സമാഹരിച്ചു.
മഴയേ ക്യാമ്പിൽ രചിക്കുന്ന ചിത്രങ്ങളുടെ ഒരു പ്രദർശനവും വിലപ്പനയും പിന്നീട് നടത്തുമെന്ന് സംസ്ഥാന പ്രസിഡൻ്റ് സിറിൽ പി ജേക്കബ് അറിയിച്ചു.