ആലപ്പുഴ: ഭാര‍്യ വീട്ടിലെത്തിയ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മകളുടെ നിർണായകമായ മൊഴി പുറത്ത്. അമ്മ ആതിര അച്ഛനെ തടിക്കഷണം കൊണ്ട് തലയ്ക്കടിക്കുന്നത് കണ്ടുവെന്നാണ് ഏഴ് വയസുകാരിയായ മകൾ പൊലീസിന് നൽകിയ മൊഴി.
കായംകുളം പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജൻ ബീന ദമ്പതികളുടെ മകൻ വിഷ്ണുവാണ് കൊല്ലപ്പെട്ടത്. മരണ കാരണം തലയ്ക്കേറ്റ ക്ഷതമാണെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
ഇതോടെ ഭാര‍്യ ആതിരയെ ഒന്നാം പ്രതിയാക്കി. ആതിരയുടെ പിതൃസഹോദരങ്ങളായ ബാബുരാജ് (54), പത്മൻ (41), പൊടിമോൻ (50) എന്നിവരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൃക്കുന്നപ്പുഴ പൊലീസാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. ഒന്നര വർഷക്കാലമായി ഭാര‍്യയുമായി പിണങ്ങി താമസിക്കുകയായിരുന്നു വിഷ്ണു. കുട്ടിയെ ധാരണപ്രകാരം മാറിമാറിയാണ് നോക്കിയിരുന്നത്.
മകളെ തിരിച്ചേൽപ്പിക്കാനായി ഭാര‍്യവീട്ടിലെത്തിയ സമയത്തായിരുന്നു സംഭവം. മകൾ അച്ഛനൊപ്പം പോകണമെന്ന് വാശിപിടിച്ചപ്പോൾ ആതിര മകളെ തല്ലി. തുടർന്ന് ആതിരയും വിഷ്ണുവും തമ്മിൽ തർക്കമുണ്ടാവുകയും ആതിരയെ വിഷ്ണു തല്ലുകയും ചെയ്തു.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പിതൃസഹോദരന്മാർ ഉൾപ്പടെയുള്ളവർ വിഷ്ണുവിനെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ബോധരഹിതനായി കിടന്ന വിഷ്ണുവിനെ കായുകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.