മുംബൈ: റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ധന നയം പ്രഖ്യാപിച്ചു. അതേസമയം, ബാങ്കുകളുടെ കരുതൽ ധന അനുപാതം(Cash Reserve Ratio – CRR) 50 ബേസ് പോയിൻറുകൾ കുറച്ച് നാല് ശതമാനമാക്കിയിട്ടുണ്ട്.
വിപണിയിലെ പണലഭ്യത മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്കിൽ കാൽ ശതമാനം കുറവാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ ഇതുണ്ടായില്ല. രാജ്യത്തിൻറെ സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകാൻ റിപ്പോ നിരക്ക് കുറയ്ക്കണമെന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും നിലപാടെടുത്തിരുന്നത്.
അടിസ്ഥാന നിരക്കുകൾ കുറഞ്ഞാൽ വായ്പാ പലിശകളുടെ നിരക്കിലും വിവിധ ബാങ്കുകൾ ആനുപാതികമായി കുറവ് വരുത്തുമായിരുന്നു. ഒക്റ്റോബറിൽ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 6.21 ശതമാനമായി ഉയർന്നതാണ് പലിശ നിരക്ക് കുറയ്ക്കുന്നതിന് വിഘാതമായി റിസർവ് ബാങ്ക് കാണുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ പലിശ കുറച്ചാൽ വിലക്കയറ്റം നിയന്ത്രിക്കാനാകാത്ത സ്ഥിതിയുണ്ടാകുമെന്ന് ആശങ്കയുണ്ട്. ഉയർന്ന പലിശ നിരക്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിക്കുന്നുവെന്നായിരുന്നു ധനമന്ത്രിയുടെയും വാണിജ്യ മന്ത്രിയുടെയും വിലയിരുത്തൽ.
ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്ന് മാസത്തിൽ വളർച്ചാ നിരക്ക് 5.4 ശതമാനത്തിലേക്ക് മൂക്കുകുത്തുകയായിരുന്നു. അതേസമയം, പലിശ കുറയ്ക്കുന്നതിന് പകരം വിപണിയിലെ പണലഭ്യത മെച്ചപ്പെടുത്താനായി ബാങ്കുകളുടെ കരുതൽ ധന അനുപാതം (Cash Reserve Ratio – CRR) കുറയ്ക്കാനാണ് റിസർവ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്.