Timely news thodupuzha

logo

കുവൈറ്റ് ബാങ്കിൻ്റെ 700 കോടി തട്ടിയ കേസിൽ 1425 മലയാളികൾക്കെതിരേ അന്വേഷണം ആരംഭിച്ചു

കൊച്ചി: കുവൈറ്റിലെ ബാങ്കിൻറെ ശതകോടികൾ കബളിപ്പിച്ച സംഭവത്തിൽ 1425 മലയാളികൾക്കെതിരേ അന്വേഷണം. ഗൾഫ് ബാങ്ക് കുവൈത്തിൻറെ 700 കോടി രൂപ കബളിപ്പിച്ചെന്നാണ് നിഗമനം.

ബാങ്കിൽ നിന്ന് ലോൺ നേടിയ ശേഷം അവിടെ നിന്ന് മുങ്ങിയവർക്കെതിരെയാണ് അന്വേഷണം. കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേർ കുറ്റം ആരോപിക്കപ്പെട്ടവരിൽ ഉണ്ട്. 50 ലക്ഷം മുതൽ രണ്ട് കോടി രൂപവരെയാണ് പലരും ലോൺ നേടിയത്.

കുവൈത്ത് വിട്ട പലരും പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറി. സംഭവത്തിൽ കേരളത്തിൽ 10 കേസുകൾ റജിസ്റ്റർ ചെയ്താണ് അന്വേഷിക്കുന്നത്. കബളിപ്പിച്ചെന്ന് തിരിച്ചറിഞ്ഞ 10 പേർക്കെതിരെയാണ് കേസ് എടുത്തത്.

ബാങ്ക് അധികൃതർ കേരളത്തിലെത്തി ഉന്നത പൊലീസുദ്യോഗസ്ഥരെ കണ്ടു. പിന്നീട് ഡി.ജി.പി നിർദ്ദേശിച്ച പ്രകാരം കേസെടുക്കുകയായിരുന്നു. ഒരു മാസം മുൻപാണ് ഗൾഫിൽ നിന്ന് ബാങ്ക് തട്ടിപ്പിൻറെ വിവരം കേരള പൊലീസിനെ അറിയിച്ചത്.

കഴിഞ്ഞ മാസം അഞ്ചാം തീയതി ബാങ്ക് പ്രതിനിധികൾ കേരളത്തിലെത്തി സംസ്ഥാന എഡിജിപി മനോജ് എബ്രഹാമിനെ കണ്ടു. തട്ടിപ്പ് നടത്തിയവരുടെ വിലാസമടക്കം നൽകിയാണ് പരാതി.

തട്ടിപ്പ് നടത്തിയവരിൽ കുവൈത്തിലെ സർക്കാർ ഉദ്യോഗസ്ഥരായ മലയാളികളുണ്ട്. 2020-22 കാലത്ത് ബാങ്കിൽ നിന്ന് ചെറിയ ലോൺ എടുത്താണ് തട്ടിപ്പ് തുടങ്ങിയത്. ഈ തുക കൃത്യമായി അടച്ച് പിന്നീട് രണ്ട് കോടി രൂപ വരെ വലിയ ലോൺ എടുത്തു.

പിന്നീട് ഇവർ കേരളത്തിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും അമേരിക്കയിലേക്കും കുടിയേറി. തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അന്വേഷണം തുടങ്ങിയത്. അപ്പോഴാണ് 1425 മലയാളികൾ തങ്ങളെ പറ്റിച്ചുവെന്ന് ബാങ്കിന് മനസിലായത്.

തട്ടിപ്പ് നടത്തിയവരിൽ കുറച്ചേറെ പേർ കേരളത്തിലെത്തിയെന്ന് കണ്ടെത്തിയതിൻറെ അടിസ്ഥാനത്തിലാണ് ബാങ്ക് കേരളത്തിലെത്തി പൊലീസിലെ ഉന്നതരെ കണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *