വാഴക്കുളം: പൊതുമരാമത്തു റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ ഭാഗത്ത് വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസുകൾ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
കദളിക്കാട് നിന്ന് തെക്കുംമല വഴിയുള്ള കാവന റോഡിൽ മുക്കാൽ കിലോമീറ്റർ ദൂരത്തുള്ള ഭാഗത്താണ് പൊതുമരാമത്ത് റോഡിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയായിരിക്കുന്നത്.
മൂന്നുമീറ്ററോളം ഉയരത്തിൽ 20 മീറ്ററോളം ദൈർഘ്യത്തിലാണ് കയ്യാല കല്ലുകൊണ്ട് നിർമ്മിച്ച പതിറ്റാണ്ടുകൾ പഴക്കമുള്ള ഭിത്തി ഇടിഞ്ഞിട്ടുള്ളത്. നാലുവർഷത്തോളമായി സംരക്ഷണഭിത്തി ഇടിഞ്ഞിട്ടെന്നും അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
വളവു തിരിഞ്ഞുള്ള ഇറക്ക ത്തിനു സമീപം റോഡിനോടു ചേർന്നാണ് ഭിത്തി ഇടിഞ്ഞിട്ടുള്ളത്. വർഷങ്ങളായതോടെ വെള്ളം കുത്തിയൊഴുകിയും മണ്ണൊലിച്ചും ടാർ റോഡിനോട് ചേർന്നു വരെ ഇപ്പോൾ മണ്ണിടിഞ്ഞിട്ടുണ്ട്. പുല്ലു മൂടിക്കിടക്കുന്നതിനാൽ അപകട സാധ്യത മനസിലാകുകയുമില്ല.
റോഡിന് വീതി കുറവുമാണ്. ഇതുവഴി എത്തുന്ന അപരിചിത വാഹനങ്ങൾ എതിർവശത്തു നിന്നുള്ള വാഹനങ്ങൾക്ക് കടന്നു പോകാൻ സൗകര്യമൊരുക്കുമ്പോഴാണ് അപകടത്തിൽപ്പെടാൻ ഏറെ സാധ്യത.
അടുത്തിടെ ഇരുവശത്ത് നിന്നും എത്തിയ രണ്ട് സ്കൂൾ ബസുകൾ ഈ ഭാഗത്ത് ഒരേ സമയത്ത് പരസ്പരം കടന്ന് പോകാൻ ശ്രമിക്കുന്നത് കണ്ട പ്രദേശവാസികൾ ബഹളം വച്ച് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയാണ് അപകടത്തിൽ നിന്ന് രക്ഷിച്ചത്.സമീപ പ്രദേശത്തെ നിരവധി സ്കൂൾ വാഹനങ്ങളും ഇതര വാഹനങ്ങളും നിരന്തരം സഞ്ചരിക്കുന്ന വഴിയിൽ അപകടം പതിയിരിക്കുന്നത് ചിരപരിചിതർക്ക് മാത്രമേ അറിയാൻ കഴിയൂ.
റോഡിനു താഴെയുള്ള വയലി ലെ നെൽകൃഷിക്കും സംരക്ഷ ണഭിത്തി ഇടിഞ്ഞത് ഭീഷണി യായിരിക്കുകയാണ്. അപകടമുണ്ടാകുന്നതിനു കാത്തിരിക്കാതെ സംരക്ഷണഭിത്തി പുനർനിർമാണം നടത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്.