ന്യൂഡൽഹി: ഡൽഹിയിൽ നാൽപ്പതിലധികം സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂൾ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നും സ്ഫോടനമുണ്ടായാൽ വലിയ നാശനഷ്ടമുണ്ടാവുമെന്നും സന്ദേശത്തിൽ പറയുന്നു.
പണം ആവശ്യപ്പെട്ടാണ് ഭീഷണി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സന്ദേശമയച്ചയാളുടെ ഐപി അഡ്രസ് പരിശോധിക്കുകയാണ് പൊലീസ്. സന്ദേശമെത്തിയതിനു പിന്നാലെ പൊലീസ് വിദ്യാർഥികളെ തിരികെ വീട്ടിലേക്കയച്ചു.
ആദ്യം രണ്ട് സ്കൂളുകൾക്കും പിന്നാലെ 40 ഓളം സ്കൂളുകൾക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. രാജ്യത്തെ വിവിധ സി.ആർ.പി.എഫ് സ്കൂളുകൾക്ക് നേരെ ഭീഷണി സന്ദേശമെത്തി രണ്ട് മാസത്തിന് ശേഷമാണ് വീണ്ടും സമാന ഭീഷണി സന്ദേശം എത്തിയത്.