ശബരിമല: തുടർച്ചയായ മൂന്നാം ദിവസവും ശബരിമലയിൽ തീർത്ഥാടകരുടെ വൻ പ്രവാഹം. പതിനെട്ടാം പടി കയറാനായി ആളുകൾ ആറ് മുതൽ ഏഴ് മണിക്കൂർ വരെയാണ് കാത്തുനിൽക്കുന്നത്.
പുലർച്ചെ പടി കയറാനുള്ള ക്യൂ ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടത്തിന് സമീപം വരെ നീണ്ടു. മരക്കൂട്ടം മുതൽ തീർഥാടകരെ തടഞ്ഞ് ചെറുസംഘങ്ങളായാണ് കടത്തി വിട്ടിരുന്നത്. മണ്ഡലകാല തീർഥാടനത്തിനു സമാപ്തി കുറിച്ച് ഡിസംബർ 26ന് മണ്ഡലപൂജ നടക്കും. ഉച്ചയ്ക്ക് 12നും 12.30നും മധ്യേ അയ്യപ്പന് തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടക്കും.
26 രാത്രി നടയടയ്ക്കും. മണ്ഡല പൂജയ്ക്ക് ശേഷം വൈകിട്ട് 4 നാണ് ന ടതുറക്കുക. തീർഥാടകരുടെ തിരക്ക് കുറവാണെങ്കിൽ രാത്രി 10നും തിരക്കുണ്ടെങ്കിൽ 11നും നട അടയ്ക്കും. മകരവിളക്ക് തീർഥാടാനത്തിനായി ഡിസംബർ 30നാണ് വീണ്ടും നട തുറക്കുക.