Timely news thodupuzha

logo

പുതുവർഷത്തിൽ കൊച്ചിയിൽ ഈ പ്രാവശ്യം രണ്ട് പാപ്പാഞ്ഞിയെ കത്തിക്കുവാൻ ഹൈക്കോടതി അനുമതി നൽ‌കി

കൊച്ചി: പുതുവർഷാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ ഇത്തവണ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കും. ഫോർട്ട് കൊച്ചി പരേഡ് മൈതാനത്തും വെളി മൈതാനത്തുമായാണ് പാപ്പാഞ്ഞിയെ കത്തിക്കുക.

സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണമെന്ന ഉപാധിയോടെ വെളി മൈതാനത്ത് നിർമിച്ച പാപ്പാഞ്ഞിയെ കത്തിക്കാനുള്ള അനുമതി ഹൈക്കോടതി നൽകി.

വെളി മൈതാനത്ത് നിർമിച്ച 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലെന്നും നീക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടതിനെത്തുടർന്ന് സംഘാടകരായ ഗാല ഡി ഫോർട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് ഉപാധികളോടെ കോടതി അനുമതി നൽകിയിരിക്കുന്നത്.

പുതുവർഷ ദിനത്തിൽ ആയിരക്കണക്കിന് പേരാണ് കൊച്ചിയിലേക്ക് പ്രവഹിക്കുന്നത്. ഫോർട്ട് കൊച്ചി പരേഡ് മൈതാനത്തു മാത്രം സുരക്ഷ ഒരുക്കാൻ ആയിരത്തിലേറെ പൊലീസുകാർ വേണ്ടി വരും.

ഇതിന് പിന്നാലെ വെളി മൈതാനത്തു കൂടി പാപ്പാഞ്ഞിയെ കത്തിച്ചാൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പൊലീസ് വാദിച്ചു. ഇരു മൈതാനങ്ങളും തമ്മിൽ രണ്ട് കിലോമീറ്റർ അകലമാണുള്ളത്.

എന്നാൽ എല്ലാ വകുപ്പുകളിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഹർജിക്കാർ അറിയിച്ചതോടെ പാപ്പാഞ്ഞിക്കും ചുറ്റും സുരക്ഷാ ബാരിക്കേഡുകൾ ഒരുക്കണം എന്നതടക്കമുള്ള ഉപാധികളോടെ ഹൈക്കോടതി ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ പാപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകുകയായിരുന്നു. കഴിഞ്ഞ വർഷവും വെളി മൈതാനത്ത് പാപ്പാനിയെ തയാറാക്കിയിരുന്നെങ്കിലും പൊലീസ് അനുമതി നൽകിയിരുന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *