കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര‍്യന്തം തടവും 2 ലക്ഷം രൂപ വീതം പിഴയും. ആറ് വർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസം നീണ്ട വിചാരണയ്ക്കും ഒടുവിലാണ് നിർണായക വിധി.
സിപിഎം മുൻ ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുൻ എംഎൽഎയുമായ കെ.വി. കുഞ്ഞിരാമനടക്കം നാല് പ്രതികൾക്ക് അഞ്ച് വർഷം വരെ തടവും 1000 രൂപ പിഴയുമാണ് ശിക്ഷ.
കൊച്ചി പ്രത‍്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ഉദുമ സിപിഎം മുൻ ഏരിയാ സെക്രട്ടറി കെ. മണികണ്ഠൻ, കെ.വി. കുഞ്ഞിരാമൻ എന്നിവരടക്കം 14 പ്രതികൾ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കേസിൽ 10 പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.
ഒന്നാം പ്രതി പീതാംബരൻ ഉൾപ്പടെയുള്ള പത്ത് പ്രതികൾക്കെതിരേ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയത്.
പത്താം പ്രതി ടി. രഞ്ജിത്ത്, പതിനഞ്ചാം പ്രതി എ. സുരേന്ദ്രൻ എന്നിവർ ഈ കുറ്റങ്ങൾക്കു പുറമെ തെളിവു നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി.
പ്രതികളെ പൊലീസിൽ നിന്നു സംരക്ഷിക്കാൻ ശ്രമിച്ചതാണ് മുൻ എംഎൽഎക്കെതിരേ തെളിയിക്കപ്പെട്ടിരിക്കുന്ന കുറ്റം. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ‍്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.