തിരുവനന്തപുരം: ഷർട്ടിട്ട് ക്ഷേത്ര ദർശനം നടത്താൻ അനുവദിക്കാത്തത് സംബന്ധിച്ച് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദയും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ച നിലപാടുകൾ നിരാകരിച്ച് മന്ത്രി കെ.ബി ഗണേഷ് കുമാർ.
എൻ.എസ്.എസ് ഡയറക്റ്റർ ബോർഡ് അംഗം കൂടിയാണ് ഗണേഷ്. പൂണൂൽ ഉണ്ടോ എന്നറിയാനാണ് മേൽ വസ്ത്രം ധരിക്കാതെ ക്ഷേത്ര ദർശനം നടത്തണമെന്ന ചട്ടമുണ്ടായതെന്നും, അതു പിന്നീട് ആചാരമായി മാറുകയായിരുന്നു എന്നുമാണ് ശിവഗിരി തീർഥാടന സമ്മേളനത്തിൽ സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടത്.
ട്രസ്റ്റിന്‍റെ ക്ഷേത്രങ്ങളിൽ ഈ ആചാരം വേണ്ടെന്നും സച്ചിദാനന്ദ പറഞ്ഞിരുന്നു. തുടർന്ന് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഇതിനോട് യോജിക്കുകയാണ് ചെയ്തത്.
എന്നാൽ, ആചാരങ്ങളൊന്നും മാറ്റാൻ പാടില്ലെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ അഭിപ്രായത്തിന് അനുകൂലമാണ് ഗണേഷിന്‍റെ നിലപാട്.
ആചാരങ്ങളിൽ മാറ്റം വരുത്താൻ തന്ത്രിക്കാണ് അധികാരമെന്ന് അദ്ദേഹം പറഞ്ഞു. ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ മാത്രം ക്ഷേത്രത്തിൽ പോയാൽ മതിയെന്നും ഗണേഷ്. ആചാരങ്ങളുമായി ബന്ധപ്പെട്ട് ഭരണാധികാരികൾക്ക് എന്തെങ്കിലും അഭിപ്രായമുണ്ടെങ്കിൽ തന്ത്രിയുമായി ആലോചിക്കണമെന്നും മന്ത്രി.