കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപത ആസ്ഥാനത്തെ വൈദികരുടെ പ്രാർഥനയജ്ഞം ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി നടത്തിയ ചർച്ചയിൽ പിൻവലിച്ചു.
കാനോനിക സമിതികളും കൂരിയയും പുനഃസംഘടിപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് വൈദികർ സമരത്തിൽ നിന്ന് പിന്മാറിയത്. പ്രശ്നങ്ങൾ പഠിക്കാൻ ഒരുമാസം സമയം വേണമെന്ന ആർച്ച് ബിഷപ്പിൻറെ ആവശ്യം വൈദികരും അംഗീകരിച്ചു. പ്രാർഥന യജ്ഞത്തിലുണ്ടായിരുന്ന 21 വൈദികരുമായി തലശേരി അതിരൂപത ആർച്ച് ബിഷപ്പും മേജർ ആർച്ച് ബിഷപ്പിൻറെ വികാരിയുമായ മാർ ജോസഫ് പാംപ്ലാനി നേരിട്ടെത്തി ചർച്ച നടത്തി.
തുടർന്നാണ് പ്രാർഥന യജ്ഞം അവസാനിപ്പിക്കാൻ വൈദികർ തീരുമാനിച്ചത്. ഏതാനും കാര്യങ്ങളിൽ ധാരണയിൽ എത്തിയെന്നും, 21 വൈദികരുടെ സഹനത്തിന് ഫലമുണ്ടായെന്നും ചർച്ചയ്ക്ക് ശേഷം അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ പ്രതികരിച്ചു.
പ്രശ്നങ്ങൾ പഠിക്കാൻ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടെന്നും പ്രശ്നരഹിതമായിരിക്കാനാണ് സഭ ആഗ്രഹിക്കുന്നതെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
ജില്ലാ കളക്റ്ററുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് മാർ ജോസഫ് പാംപ്ലാനി ഞായറാഴ്ച രാത്രി തന്നെ വൈദികരുമായി നേരിട്ട് സംസാരിക്കാൻ തീരുമാനിച്ചത്. സഭാ സംബന്ധിയായ വിഷയങ്ങളിൽ മാത്രമാണ് ചർച്ച നടന്നതെന്നും, വൈദികർക്കെതിരെ കേസെടുത്തത് ചർച്ച ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.