Timely news thodupuzha

logo

ബോബിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ബോബി ചെമ്മണൂരിന്‍റെ ജാമ്യ ഹർജി പരിഗണിക്കവെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എന്തിനാണ് ഈ മനുഷ്യൻ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതെന്ന് കോടതി ചോദിച്ചു. ദ്വയാർഥം അല്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.

ഇതിൽ ദ്വയാർഥമില്ലെന്ന് എങ്ങനെ പറയാനാവും? ജാമ്യ ഹര്‍ജിയിലെ ചില പരാമര്‍ശങ്ങള്‍ നടിയെ വീണ്ടും അപമാനിക്കുന്നതല്ലേ? വീഡിയോ പരിശോധിച്ച കോടതി, അത് ലോകം വീണ്ടും കേള്‍ക്കട്ടെയെന്നും അഭിപ്രായപ്പെട്ടു. സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടെന്ന് സ്വയം കരുതുന്നയാള്‍ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത്‍? മോശം പരാമർശം നടത്തുന്നതിന്‍റെ പ്രത്യാഘാതം ജനങ്ങൾ അറിയട്ടെ എന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.

കടയുടെ ഉദ്ഘാടന സമയത്ത് ബോബി ചെമ്മണൂര്‍ ദ്വയാർഥ പ്രയോഗം നടത്തുമ്പോഴും നടി വളരെ മാന്യമായി അതിനെ സമീപിച്ചു. ആ സമയത്ത് അവര്‍ പ്രതികരിക്കാതിരുന്നത് അവരുടെ മാന്യതയായി കണക്കാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കരുതെന്ന സമീപനമാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്.

ഒന്നോ രണ്ടോ തവണയല്ല, ബോബി ഇത് നിരന്തരം ആവർത്തിക്കാറുണ്ടെന്നും അതുകൊണ്ടു തന്നെ സമൂഹത്തിന് പാഠമാകുന്ന തീരുമാനമാണ് കോടതിയില്‍ നിന്നും ഉണ്ടാകേണ്ടതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയാലുണ്ടാകുന്ന പ്രത്യാഘാതം സമൂഹത്തിന് ഇപ്പോള്‍ തന്നെ ബോധ്യമായിട്ടുണ്ടാകുമല്ലോയെന്ന് കോടതി അഭിപ്രായപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *