മലപ്പുറം: ഊർങ്ങാട്ടിരിയിൽ കാട്ടാന കൃഷിയിടത്തിലെ കിണറ്റിൽ വീണു. കൂരങ്കല് സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. വനംവകുപ്പും പൊലീസും ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. എട്ട് മണിക്കൂറോളമായി ആന കിണറ്റിൽ കുടുങ്ങി കിടക്കുകയാണ്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. രാത്രി ആനക്കൂട്ടം വന്നപ്പോൾ അതിലൊരു ആന കിണറ്റിൽ വീണതെന്നാണ് നിഗമനം. 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്. കിണറ്റിൽ അധികം വെള്ളവും ഇല്ലെന്നാണ് വിവരം. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന പ്രദേശമാണിത്. ആനയെ മയക്കുവെടിവയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.