തൊടുപുഴ: പീപ്പിൾസ് മണി ഫോർ പീപ്പിൾസ് വെൽഫെയർ എന്ന മുദ്രാവാക്യം ഉയർത്തി എൽ.ഐ.സിയെ പൊതുമേഖലയിൽ നിലനിർത്തുവാനുള്ള പ്രക്ഷോഭത്തെ പിന്തുണയ്ക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ഫെബ്രുവരി 11ന് എൽ.ഐ.സി. ഏജൻ്റുമാർ ഡൽഹിയിൽ നടത്തുന്ന സൻസദ് ചലോ പ്രക്ഷോഭത്തിന് മുന്നോടിയായി എം.പിമാർക്കുള്ള മെമ്മോറാണ്ടം സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൻഷുറൻസ് മേഖലയിലെ ലാഭം സ്വകാര്യ കമ്പനികൾക്ക് നൽകുന്നതിനു വേണ്ടിയാണ് എൽ.ഐ.സി ഏജൻ്റുമാർക്ക് 1938 മുതൽ നൽകിക്കൊണ്ടിരിക്കുന്ന കമ്മീഷനിൽ ഏഴ് ശതമാനം കുറവു വരുത്തിയിരിക്കുന്നത്. ഒരു ഓഫീസ് പോലെ പ്രവർത്തിക്കുന്ന ഏജന്റുമാരാണ് എൽ.ഐ.സി. യെ ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി മാറ്റിയത്.
ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 1938ലെ ഇൻഷുറൻസ് നിയമം, 1956 ലെ എൽ.ഐ.സി. നിയമം, 1972 ലെ ജനറൽ ഇൻഷുറൻസ് നിയമം,1999 ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ആക്ട് എന്നിവയുടെ ഭേദഗതി നിർദ്ദേശങ്ങൾ 2024 ഡിസംബർ 10 നു മുമ്പ് പോർട്ടറിൽ ലോഗിൻ ചെയ്ത് അറിയിക്കണമെന്ന് നിർദ്ദേശിച്ചത്. രാജ്യത്തിൻറെ സാമ്പത്തിക സംവിധാനത്തിൽ അതിപ്രധാനമായ ഈ ബില്ലുകളുടെ കോപ്പി ഇൻഷുറൻസ് രംഗത്തുള്ളവർക്കോ പാർലമെൻറ് അംഗങ്ങൾക്ക് നൽകാതെയായിരുന്നു ഗവൺമെന്റിന്റെ നീക്കം. രാജ്യത്തിൻറെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന ബില്ലുകൾ പാർലമെൻറ് സമ്മേളനം നടക്കുമ്പോൾ ഓഫീസ് മെമ്മോറാണ്ടമായി നോട്ടിഫിക്കേഷൻ നടത്തിയത് തന്നെ പാർലമെന്റിനെ അവഹേളിക്കലാണ്.
സ്വകാര്യ കമ്പനികൾ ഇൻഷുറൻസ് പ്രീമിയം ശേഖരിച്ച് ജനങ്ങളുടെ സമ്പത്ത് കൊള്ളയടിച്ചതിനെതിരെ റായ്ബറേലി എം.പി. യായിരുന്ന ഫിറോസ് ഗാന്ധി നടത്തിയ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തെ തുടർന്നാണ് ഇൻഷുറൻസ് മേഖലയെ ജവഹർലാൽ നെഹ്റു സർക്കാർ ദേശസാൽക്കരിച്ചത്. 1956 ൽ പാർലമെൻറിൽ അവതരിപ്പിച്ചു പാസാക്കിയ നിയമപ്രകാരം രൂപീകൃതമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ശക്തിപ്പെടുത്തുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
എൽ.ഐ.സി ഏജൻ്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ(സി.ഐ.റ്റി.യു) കോട്ടയം ഡിവിഷണൽ ജനറൽ സെക്രട്ടറി സി.കെ ലതീഷ് മെമ്മോറാണ്ടം നൽകി. തൊടുപുഴ ബ്രാഞ്ച് ട്രഷറർ കെ. സുനിൽകുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ഒ.ജോർജ് എന്നിവർ സംസാരിച്ചു. ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമനുള്ള നിവേദനത്തിൽ എം.പി ഒപ്പു വെച്ചു.