തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ ഒയാസിസ് കമ്പനിയുടെ ബ്രൂവറിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് അർധ സത്യങ്ങളും സമ്പൂർണ വ്യാജവുമായ കാര്യങ്ങളുമാണ് പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും ചേർന്ന് പ്രചരിപ്പിക്കുന്നതെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇതു സംബന്ധിച്ച് പുറത്തുവിട്ട ക്യാബിനറ്റ് നോട്ട് സർക്കാർ 16ന് ഉത്തരവിറക്കിയപ്പോൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിരുന്നു.
അത് രഹസ്യ രേഖയൊന്നുമല്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഒറ്റ കമ്പനിയാണ് ഇക്കാര്യം അറിഞ്ഞതെന്ന ആരോപണവും തെറ്റാണ്.
കേരളത്തിൽ ഇന്ത്യൻ നിർമിത വിദേശമദ്യം ആവശ്യത്തിനു നിർമിക്കാൻ പുതിയ യൂണിറ്റ് ആരംഭിക്കുകയാണ് പോംവഴിയെന്ന് 2022 – 2023ലെ മദ്യനയത്തിൽ വ്യക്തമാക്കിയിരുന്നു. 2023-24ലെ മദ്യനയത്തിൻറെ ആമുഖത്തിലും സമാന കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
യോഗ്യതയുള്ളവർക്ക് ബ്രൂവറി അനുവദിക്കുമെന്ന് സർക്കാർ ഉത്തരവുകളിലും വ്യക്തമാക്കി. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് മാസങ്ങൾക്ക് ശേഷം അനുമതി നൽകിയത്.
2023 നവംബർ 30നാണ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്റ്റർക്ക് കമ്പനിയിൽ നിന്ന് അപേക്ഷ ലഭിച്ചത്. 10 ഘട്ടങ്ങളായി പരിശോധന നടത്തി ജനുവരി 16നാണ് മന്ത്രിസഭ അനുമതി നൽകിയത്.
2024 മാർച്ച് 16ന് മന്ത്രിയുടെ മുന്നിൽ വിഷയം എത്തിയപ്പോൾ ജലലഭ്യത സംബന്ധിച്ച് വ്യക്തതയ്ക്കായി ഫയൽ തിരിച്ചയച്ചു. എക്‌സൈസ് കമ്മിഷണർ അതിനും മറുപടി നൽകിയ ശേഷമാണ് അനുമതി നൽകിയത്.
എക്‌സൈസിന് കൊടുക്കാമായിരുന്ന അനുമതി മന്ത്രിസഭയിൽ എത്തിച്ചാണ് അനുമതി നൽകിയതെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭ പ്രാഥമിക അനുമതിയാണ് നൽകിയത്. ഭൂമിയുടെ പ്രശ്നങ്ങളടക്കം തുടർന്നുള്ള പരിശോധനയിൽ വ്യക്തമാകും. മറ്റുവകുപ്പുകളിലേക്ക് വിശദമായി പദ്ധതിയുടെ വിശദാംശങ്ങളെത്തുമെന്നും പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.