ഇടുക്കി: മാട്ടുപ്പെട്ടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ‍്യാർഥികൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരേ പൊലീസ് കേസെടുത്തു. നാഗർകോവിൽ സ്വദേശി വിനേഷിനെതിരേ മൂന്നാർ പൊലീസ് കേസെടുത്തിരിക്കുന്നത്.
അലക്ഷ‍്യമായി വാഹനമോടിക്കൽ, മനപൂർവമല്ലാത്ത നരഹത‍്യ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ചയായിരുന്നു മാട്ടുപ്പെട്ടിയിൽ എക്കോ പോയിൻറിന് സമീപത്ത് വച്ചുണ്ടായ അപകടത്തിൽ 3 വിദ‍്യാർഥികൾ മരിച്ചത്.
ആദിക, രേണുക, സുതൻ എന്നിവരാണ് മരിച്ചത്. 40ഓളം പേരുണ്ടായിരുന്ന ബസിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ തേനി മെഡിക്കൽ കോളെജിലും മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. അമിത വേഗതയിലായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് വിവരം.