Timely news thodupuzha

logo

കോഴിക്കോട് ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ നിയമം ലംഘിച്ചവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നിയമലംഘനം നടത്തിയവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ.

അപകട സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ക്ഷേത്രത്തിന് ഉത്സവം നടത്താനുള്ള അനുമതി റദ്ദാക്കിയതായി മന്ത്രി പറഞ്ഞു. വലിയ ദുരന്തമാണുണ്ടായതെന്നും സംഭവം അറിഞ്ഞ ഉടനെ വനം വകുപ്പ് ഉദ‍്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം അപകടത്തിൽ നഷ്ട പരിഹാരം നൽകേണ്ടത് ക്ഷേത്ര കമ്മിറ്റിയാണെന്നും നഷ്ട പരിഹാരം നൽകുന്ന കാര‍്യത്തിൽ സർക്കാർ ആലോചന നടത്തുമെന്നും മന്ത്രി പറഞ്ഞു. നാട്ടാന പരിപാലന ചട്ടത്തിലെ വ‍്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് സർക്കാരിന് ലഭിച്ച റിപ്പോർട്ടിലുള്ളത്.

വെടിക്കെട്ട് നടത്തിയതാണ് അപകടകാരണമെന്നും അപകടസമയത്ത് ആനയ്ക്ക് ചങ്ങല ഇട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ കുറവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, രാജൻ എന്നിവരാണ് മരിച്ചത്. മുപ്പതിലേറെ പേർക്ക് പരുക്കേറ്റിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *