ആലപ്പുഴ: ആൻ്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരെ കർശന നടപടിയുമായി ആരോഗ്യ വകുപ്പ്. ഇതോടെ സർക്കാർ ആശുപത്രികളിൽ ആൻറിബയോട്ടിക്കുകളുടെ ഉപയോഗം കുത്തനെ കുറഞ്ഞു.
നിലവിൽ സാമ്പത്തികവർഷം തീരാറായിട്ടും സർക്കാർ ആശുപത്രി ഫാർമസികളിൽ ആൻ്റിബയോട്ടിക്കുകൾ ബാക്കിയാണ്. സംസ്ഥാനമൊട്ടാകെ ആൻ്റിബയോട്ടിക് ഉപയോഗം 33 ശതമാനം കുറഞ്ഞതായാണ് കണക്കുകൾ. മുൻ വർഷങ്ങളിൽ ജനുവരി-ഫെബ്രുവരി മാസത്തോടെ മിക്ക ആശുപത്രികളിലും ആൻറിബയോട്ടിക്കുകൾ തീരും.
പിന്നീട് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് എത്തിക്കുകയായിരുന്നു പതിവ്. ഇക്കുറി അതു വേണ്ടിവരില്ല. ആൻറിബയോട്ടിക്കുകളുടെ അമിതോപയോഗം മൂലം പലരോഗങ്ങളെയും പ്രതിരോധിക്കാനാകാത്ത സ്ഥിതിയായിരുന്നു.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ ഭീഷണിയായി ലോകാരോഗ്യ സംഘടന ഇതിനെ വിലയിരുത്തിയ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ കർശന നടപടിയുമായി എത്തിയത്. സ്വകാര്യ ആശുപത്രികളിലെ ആൻറിബയോട്ടിക് ദുരുപയോഗം തടയുകയാണ് അടുത്തലക്ഷ്യം. ബോധവത്കരണത്തിലൂടെയും മാർഗനിർദേശങ്ങൾ കർശനമാക്കിയും അവരെയും ഇതിൻറെ ഭാഗമാക്കാനാണ് അധികൃതർ ലക്ഷ്യം വയ്ക്കുന്നത്.