Timely news thodupuzha

logo

ബസ് കണ്ടക്റ്റർക്കെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസ് വിചാരണ കൂടാതെ കോടതി തള്ളിക്കളഞ്ഞ്

കോട്ടയം: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയതായി ആരോപിച്ച് ബസ് കണ്ടക്റ്റർക്കെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസ് വിചാരണ കൂടാതെ തള്ളിക്കളഞ്ഞ് കോടതി.

ചങ്ങനാശേരി ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി.എസ് സൈമയാണ് വിധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് പോക്സോ കേസിൽ പ്രതിയെ വിചാരണ പോലുമില്ലാതെ കോടതി വിട്ടയക്കുന്നത്. കോട്ടയം കോളനി റൂട്ടിൽ സർവീസ് നടത്തുന്ന തിരുനക്കര ബസ് കണ്ടക്റ്റർ കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് കാട്ടാമ്പാക്ക് ഭാഗത്ത് കെ.എ പ്രദീപ് കുമാറിനെതിരെ(56) ചിങ്ങവനം പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് കോടതി തള്ളിയത്.

2024 ജൂലൈ 4നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനി ബസിൽ കയറിയപ്പോൾ കണ്ടക്റ്ററായ പ്രദീപ്കുമാർ മോശമായി സംസാരിച്ചെന്നും, പെരുമാറിയെന്നുമാണ് പ്രോസിക്യൂഷൻ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പോക്സോ നിയമത്തിന്റെ 11, 12 ബിഎൻഎസ് നിയമം 75 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

ചിങ്ങവനം പൊലീസാണ് സംഭവത്തിൽ കണ്ടക്റ്റർക്കെതിരെ കേസെടുത്തത്. കേസ് കോടതിയിൽ എത്തിയപ്പോൾ പ്രതിഭാഗം വിടുതൽ ഹർജി സമർപ്പിക്കുകയായിരുന്നു. കണ്ടക്റ്റർ തൻറെ ജോലിയുടെ ഭാഗമായി സംസാരിച്ചതാണെന്നും ലൈംഗിക ചുവയോടെയുള്ള സംസാരം ഇതിൽ വരുന്നില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം.

ഇതേ തുടർന്നാണ് കോടതി പ്രതിയെ വിചാരണ പോലുമില്ലാതെ വിട്ടയച്ചത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി, അഡ്വ.കെ.എസ്. ആസിഫ്, അഡ്വ.ലക്ഷ്മി ബാബു, അഡ്വ.മീര, അഡ്വ.അശ്വതി, അഡ്വ.നെവിൻ, അഡ്വ.സൽമാൻ എന്നിവർ ഹാജരായി.

Leave a Comment

Your email address will not be published. Required fields are marked *