തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ പൊലീസിനെ മർദിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. പേരൂർക്കട സ്വദേശി ശരത് (18), കരിമഠം കോളനിയിൽ പ്രവീൺ (19) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച്ച രാത്രിയോടെ പാപ്പനംകോട് ജംഗ്ഷനിലായിരുന്നു സംഭവം. ലഹരി പരിശോധനയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കൺട്രോൾ റൂം എസ്ഐയെ മർദിക്കുകയും അസഭ‍്യം പറയുകയും ചെയ്തു. പിന്നാലെ പ്രതികൾ തട്ടുകടയിൽ കയറി ബഹളമുണ്ടാക്കി.
തുടർന്ന് നേമം പൊലീസാണ് ഇരുവരെയും പിടികൂടി സ്റ്റേഷനിലെത്തിച്ചത്. ജീപ്പിൽ നിന്നും ഇറങ്ങുന്നതിനിടെ പ്രതികളിലൊരാൾ പൊലീസ് ജീപ്പിൻറെ ചില്ല് കൈ കൊണ്ട് ഇടിച്ചു തകർത്തു. കൈയ്ക്ക് പരുക്കേറ്റ പ്രതിയെ ശാന്തിവിള താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും പ്രതി അക്രമാസക്തമായതിനെ തുടർന്ന് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ അവിടെ വച്ച് കിടപ്പു രോഗികളെയും കൂട്ടിരിപ്പുകാരെയും അസഭ‍്യം പറയുകയും ആക്രമിക്കാൻ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. ഇരുവരെയും പിന്നീട് റിമാൻഡ് ചെയ്തു. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് പ്രവീൺ.