മുംബൈ: നാഗ്പുർ ജില്ലയിലെ ഖുൽദാബാദ് പട്ടണത്തിൽ ഔറംഗസീബിൻറെ ശവകുടീരം സ്ഥിതി ചെയ്യുന്ന പ്രദേശം ഡ്രോൺനിരോധിത മേഖലയായി പ്രഖ്യാപിച്ചു. ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധവും തുടർന്നുണ്ടായ സംഘർഷങ്ങളും കണക്കിലെടുത്താണ് തീരുമാനം. പ്രദേശത്ത് ക്രമസമാധാന പരിപാലനത്തിനായി റിസർവ് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
അതിനിടെ സംഘർഷം ഉണ്ടായ നാഗ്പുരിൽ സ്ഥിതിഗതികൾ ശാന്തമായി.18 സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. ഇരുന്നൂറോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് നീക്കം.
1000 പേരെയെങ്കിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്താനാകുമെന്നും പൊലീസ് പറഞ്ഞു. ഛാവ സിനിമയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‌റെ പ്രസ്താവനയ്‌ക്കെതിരെ ശിവസേന രംഗത്തെത്തി.
എല്ലാ പ്രശ്‌നങ്ങളും സിനിമയ്ക്ക് മേൽ ചാർത്തി രക്ഷപ്പെടാമെന്ന് കരുതേണ്ട. മുഖ്യമന്ത്രിയും ശിവസേന ഷിൻഡെ, ബിജെപി മ്ന്ത്രിമാരുമാണ് കൂടുതൽ വിദ്വേഷ പ്രസംഗം നടത്തിയത് ഇതെല്ലാം സംഘർഷത്തിന് കാരണമായി.
നാഗ്പുരിൽ സ്ഥിതിഗതികൾ ശാന്തമായതോടെ കർഫ്യു പിൻവലിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട് വരും ദിവസങ്ങളിലും ശക്തമായ കാവൽ തുടരും.