മുംബൈ: വിനോദസഞ്ചാരികളെ തുടർച്ചയായി കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികളും കച്ചവടക്കാരും പ്രതിഷേധിച്ചതോടെ മഹാരാഷ്ട്രയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായ മാത്തേരാൻ അടച്ചു.
ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഇവിടേക്ക് വിനോദസഞ്ചാരികളെ കയറ്റില്ല. മാത്തേരാൻ ഹിൽസ്റ്റേഷനിലേക്കെത്തുന്ന വിനോദസഞ്ചാരികളിൽ നിന്ന് തട്ടിപ്പുകാരും ഇവിടുത്തെ കുതിരസവാരിക്കാരും മറ്റും പല സേവനങ്ങൾക്കായി അമിതനിരക്ക് ഈടാക്കുന്നുണ്ടെന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ഇക്കാര്യം പ്രദേശവാസികളും ഹോട്ടലുടമകളും കച്ചവടക്കാരുമെല്ലാം പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടികളൊന്നും എടുത്തില്ല.
ഇതോടെയാണ് മാത്തേരാൻ പര്യടൻ വാചവ് സംഘർഷ് സമിതി പ്രതിഷേധത്തിലേക്കു കടന്നത്. തട്ടിപ്പുകാർക്കെതിരെ നടപടി വരുന്നതുവരെ മാത്തേരാനിലേക്ക് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്നാണ് ഇവരുടെ തീരുമാനം. മുംബൈയിലെ പ്രധാനപ്പെട്ട ഹിൽസ്റ്റേഷനുകളിലൊന്നാണ് മാത്തേരാൻ. ടോയ് ട്രെയിൻ സർവീസാണ് മറ്റൊരു പ്രത്യേകത.