ചണ്ഡിഗഡ്: നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് ഭാര്യ എടുത്ത ഡാൻസ് റീൽ വൈറലായതിന് പിന്നാലെ ചണ്ഡിഗഡ് സീനിയർ കോൺസ്റ്റബിൽ അജയ് കുണ്ഡുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സെക്റ്റർ -20 ഗുരുദ്വാര ചൗക്കിൽ മാർച്ച് 20നാണ് സംഭവം. അജയുടെ ഭാര്യ ജ്യോതിയാണ് ഭർതൃസഹോദരിയുടെ സഹായത്തോടെ നടു റോഡിൽ വച്ച് ഡാൻസ് റീൽ ചിത്രീകരിച്ചത്. കോൺസ്റ്റബിൾ അജയ് കുണ്ഡുവിൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നുമാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രശസ്തമായ പാട്ടിനൊപ്പം ജ്യോതി ചുവടു വയ്ക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായി. അതിനു പിന്നാലെ ഹെഡ് കോൺസ്റ്റബിൾ ജസ്ബിർ നൽകിയ പരാതിയിൽ അന്വേഷണം നടത്തി കേസെടുക്കുകയായിരുന്നു. ജ്യോതി , പൂജ എന്നിവർക്കെതിരേ ഗതാഗതം തടസപ്പെടുത്തിയെന്നും പൊതുജനസുരക്ഷ ആപത്തിലാക്കി എന്നുമുള്ള കുറ്റങ്ങൾ ചുമത്തി എഫ്ഐആർ ഫയൽ ചെയ്തു.