ന്യൂഡൽഹി: രാജ്യത്ത് ഇതിനകം ചർച്ചയും വിവാദവുമായ വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. 12ന് ചോദ്യോത്തര വേള പൂർത്തിയായശേഷം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാകും ബിൽ സഭയിൽ ചർച്ചയ്ക്ക് വയ്ക്കുക.
ഉച്ചയ്ക്ക് 12-ന് അവതരിപ്പിക്കുന്ന ബിൽ എട്ടുമണിക്കൂർ ചർച്ചചെയ്യും. രാത്രി എട്ടോടെ ബില്ലിൽ തീരുമാനമാകും. വ്യാഴാഴ്ച രാജ്യസഭയും ബിൽ പരിഗണിക്കും. ഇവിടെയും 8 മണിക്കൂറാകും ചർച്ച. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച രാവിലെ കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
ഈ യോഗത്തിലായിരിക്കും ബില്ലിൻറെ ചർച്ചയിലും വോട്ടെടുപ്പിലും സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കുക. പാർട്ടി കോൺഗ്രസ് നടക്കുന്നതിൽ സഭയിൽ നിന്ന് അവധി ആവശ്യപ്പെട്ട സിപിഎം എംപിമാരും ചർച്ചയിൽ പങ്കെടുക്കും. ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാൻ ചൊവ്വാഴ്ച വൈകീട്ടുചേർന്ന ഇന്ത്യസഖ്യം നേതാക്കളുടെ യോഗം തീരുമാനിച്ചു.
കോൺഗ്രസ്, ശിവസേന (യുബിടി), സിപിഐ (എം) എന്നിവയുൾപ്പെടെയുള്ള പാർട്ടികളുടെ യോഗത്തിന് ശേഷം കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെൌയാണ് ഇക്കാര്യം അറിയിച്ചത്. ബില്ലിനു പിന്നിൽ സർക്കാർ അജണ്ടയുണ്ടെന്നും ഇത് ഭിന്നിപ്പിക്കുന്നതരത്തിലുള്ളതാണെന്നും അത് പരാജയപ്പെടുത്താൻ പാർലമെൻറിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഖാർഗെ പറഞ്ഞു.
മുഴുവൻ അംഗങ്ങളും ബുധനാഴ്ച മുതൽ സഭയിൽ ഹാജരായിരിക്കണമെന്നു കോൺഗ്രസ് നേതൃത്വം വിപ്പ് നൽകിയിട്ടുണ്ട്. 12 മണിക്കൂർ ചർച്ച വേണമെന്നാണു കോൺഗ്രസ് ആവശ്യപ്പെട്ടത്. സഭയിൽ നിലവിൽ സർക്കാരിന് ഭീഷണിയില്ല. 542 അംഗ ലോക്സഭയിൽ 293 എംപിമാരുണ്ട് എൻഡിഎയ്ക്ക്. ഏതാനും സ്വതന്ത്ര അംഗങ്ങളും സർക്കാരിനൊപ്പമാണ്.
ബില്ലിൻറെ ആദ്യ രൂപത്തിൽ എൻഡിഎ ഘടകകക്ഷികളായ ജെഡിയുവും ടിഡിപിയും എൽജെപി (റാംവിലാസ്)യും ചില വിയോജിപ്പുകൾ അറിയിച്ചിരുന്നു. എന്നാൽ, സംയുക്ത പാർലമെൻററി സമിതിയുടെ പരിശോധനയ്ക്കുശേഷം ബില്ലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് മൂന്നു കക്ഷികളും.
ബില്ലിനെ പിന്തുണയ്ക്കാൻ അംഗങ്ങൾക്ക് ടിഡിപിയും ജെഡിയുവും വിപ്പ് നൽകി. രാജ്യസഭയിലും സർക്കാരിന് വ്യക്തമായ മേൽക്കൈയുള്ളതിനാൽ ബില്ലിന് ഭീഷണിയില്ല. ബിൽ സഭ പരിഗണിക്കുന്നതു കണക്കിലെടുത്തു ഡൽഹിയിൽ സുരക്ഷ ശക്തമാക്കി.