തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ സ്വകാര്യ പ്രൊഫഷണൽ ഏജൻസിയെ ഏൽപ്പിക്കുന്നു. ഇതിനായി ടെൻഡറും ക്ഷണിച്ചു കഴിഞ്ഞു. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമടക്കം കൗണ്ടറുകൾ പ്രവർത്തിപ്പിക്കാൻ തയാറുള്ളവരെയാണ് പദ്ധതി ഏൽപ്പിക്കാൻ ഉദ്ദേശിക്കുന്നത്.
നിലവിലുള്ള കൗണ്ടറുകളുടെ സ്ഥലപരിമിതികളും ജീവനക്കാരുടെ കുറവും ഏജൻസി വഴി പരിഹരിക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. പോരായ്മകൾ ഏറെയുണ്ടായിട്ടും കെഎസ്ആർടിസി ലോജിസ്റ്റിക്സ് വിഭാഗത്തിൻറെ വാർഷിക വരുമാനത്തിൽ കഴിഞ്ഞ വർഷം നാൽപ്പത് ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു.
ഇത് കണക്കിലെടുത്താണ് കൊറിയൻ സേവനം മെച്ചപ്പെടുത്താനുള്ള ശ്രമം. 2023ലാണ് കെഎസ്ആർടിസി കൊറിയർ സർവീസ് ആരംഭിക്കുന്നത്. ഒരു വർഷം കൊണ്ടു തന്നെ മൂന്നേമുക്കാൽ കോടിയോളം രൂപ ഇതിലൂടെ വരുമാനം കിട്ടി.
കേരളത്തിനകത്തും കൂടാതെ കോയമ്പത്തൂർ, നാഗർകോവിൽ എന്നിവിടങ്ങളിലുമായി 46 കൊറിയർ കൗണ്ടറുകളാണ് കെഎസ്ആർടിസിക്കുള്ളത്. പുതിയ ഏജൻസിയെ ഏൽപ്പിക്കുന്നതോടെ സോഫ്റ്റ്വെയർ അടക്കമുള്ള കാര്യങ്ങളിൽ മാറ്റം വരുത്തും.
ഇപ്പോഴത്തെ സോഫ്റ്റ്വെയർ കാര്യക്ഷമമെല്ലെന്നാണ് വിലയിരുത്തൽ. ഇതു മാറ്റുന്നതോടെ രജിസ്ട്രേഷനും ക്ലിയറൻസും ഡെലിവറിയുമെല്ലാം കൂടുതൽ വേഗത്തിലാക്കാൻ സാധിക്കുമെന്നും കണക്കാക്കുന്നു. എല്ലാ പ്രധാന ബസ് സ്റ്റാൻഡുകളിലും കൗണ്ടറുകൾ ആരംഭിക്കുക എന്നതായിരിക്കും പുതിയ ഏജൻസിയുടെ പ്രധാന ദൗത്യങ്ങളിലൊന്ന്. സംസ്ഥാനത്തിൻറെ ഏതു ഭാഗത്തും പരമാവധി 16 മണിക്കൂറിനുള്ളിൽ സാധനങ്ങൾ എത്തിക്കാൻ സാധിക്കുക എന്നതാണ് ലക്ഷ്യം.