
കൊച്ചി: കുവൈറ്റിലെ ഗൾഫ് ബാങ്കിൽ നിന്നെടുത്ത കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ നാട്ടിലേക്കു മുങ്ങിയ നൂറുകണക്കിന് മലയാളികൾക്കെതിരായ ക്രിമിനൽ കേസുകളിൽ അറസ്റ്റ് തടയാനാകില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ആദ്യം പ്രതികളാക്കപ്പെട്ട രണ്ടു പേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളി. യാതൊരു യോഗ്യതയുമില്ലാത്ത ജാമ്യാപേക്ഷകളായിരുന്നു ഇവയെന്ന് വിധിന്യായത്തിൽ പറയുന്നു.

കുമരകത്തു നിന്നും മൂവാറ്റുപുഴയിൽ നിന്നുമുള്ളവരായിരുന്നു ഹർജിക്കാർ. 2021 ൽ 33,777 കുവൈറ്റ് ദിനാർ വായ്പ എടുത്ത ശേഷം തുക തിരിച്ചടയ്ക്കാതെ നാട്ടിലേക്കു പോന്ന കുമരകം സ്വദേശി ഇപ്പോൾ ബാങ്കിന് നൽകേണ്ട തുക ഒരു കോടി പതിനൊന്നു ലക്ഷത്തോളം ഇന്ത്യൻ രൂപ വരുമെന്ന്് ബാങ്ക് കണക്കാക്കുന്നു. 35,555 കുവൈറ്റ് ദിനാർ 2020 ൽ വായ്പ എടുത്തയാളാണ് മൂവാറ്റുപുഴക്കാരൻ. ബാങ്ക് രേഖ പ്രകാരം ഒരു കോടി 22 ലക്ഷം രൂപ തിരിച്ചടയ്ക്കാനുള്ള ഇയാൾ നാട്ടിലേക്കു മുങ്ങി കബളിപ്പിച്ചുവെന്ന് ഗൾഫ് ബാങ്കിന്റെ ഡെപ്യൂട്ടി ജനറൽ മാനേജർ തിരുവനന്തപുരത്ത് പോലീസ് മേധാവിക്കു നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

മുൻകൂർ ജാമ്യ ഹർജിക്കെതിരെ കേരള സർക്കാരിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ ഹർജിക്കാരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് വാദിച്ചു. പ്രതികളുടെ നടപടി മൂലം ഇന്ത്യൻ പ്രവാസി സമൂഹത്തിനാകെ വിദേശ രാജ്യങ്ങളിൽ ഗുരുതര പ്രശ്‌നങ്ങൾ വന്നുപെടുന്ന സാഹചര്യമാണുള്ളതെന്ന് ഗൾഫ് ബാങ്കിന്റെ അഭിഭാഷകനും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഹർജിക്കാരെപ്പോലെ ആയിരക്കണക്കിനു പേർ ബാങ്ക് വായ്പ്പയെടുത്തു തിരിച്ചടയ്ക്കാതെ നാട്ടിലേക്കു മടങ്ങി സ്വതന്ത്ര വിഹാരം നടത്തുന്നതു മനസിലാക്കിയതോടെ ഗൾഫ് രാജ്യങ്ങളിൽ പ്രവാസി മലയാളികൾക്കു വായ്പ്പ നൽകാൻ ബാങ്കുകൾ വിമുഖത കാണിക്കുന്നു. മറ്റു രാജ്യങ്ങളിലെ നിയമ സംവിധാനങ്ങളോട് ഇന്ത്യ പുലർത്തിവരുന്ന ആദരം നിലനിർത്താൻ ഇത്തരം കേസുകളിൽ കുറ്റാരോപിതർക്കെതിരെ അയവില്ലാത്ത സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈറ്റിലും ഇതര ഗൾഫ് രാജ്യങ്ങളിലുമുള്ള പ്രവാസി ഇന്ത്യാക്കാരുടെ വിശ്വാസ്യതയും സുസ്ഥിതിയും ഉറപ്പാക്കാനും ഇത് അനിവാര്യമാണ്.
യൂറോപ്യൻ രാജ്യങ്ങളിലോ അമേരിക്കയിലോ കാനഡയിലോ ഓസ്ട്രേലിയയിലോ ഒക്കെ നിലവിൽ ജോലി ചെയ്യുന്നവരാണു ബാങ്കിനെ കബളിപ്പിച്ചവരിൽ പലരും. ഗൾഫ് രാജ്യത്തു താമസിക്കവേ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണവർ തട്ടിപ്പു നടത്തിയത്. വായ്പ്പ തരപ്പെടുത്തിയതിനു പിന്നാലെ രാജ്യം വിട്ടുപോരുകയായിരുന്നു. ഇതിനായി രേഖകളിൽ പോലും കൃത്രിമം കാണിച്ചു പലരും. ‘ഹർജിക്കാർ വിദേശ ബാങ്കിൽ നിന്ന് വായ്പ എടുത്തിട്ടുണ്ടെന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. തുക തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടുവെന്നും വലിയ കുടിശ്ശികയുണ്ടെന്നും സമ്മതിക്കുന്നുമുണ്ട്. അവർ വിദേശ രാജ്യം വിട്ട് ഇപ്പോൾ ഇന്ത്യയിലോ മറ്റിടങ്ങളിലോ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നതിലും തർക്കമില്ല. ഇക്കാരണത്താൽ, ഈ കേസുകളിൽ വഞ്ചനയുടെ ഘടകങ്ങളുണ്ട് ‘: സിവിൽ സ്വഭാവത്തിലൊതുങ്ങാത്ത ക്രിമിനൽ കേസിനു കാരണമായ കുറ്റാരോപണം ഹർജിക്കാരുടെ പേരിൽ നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടുന്നതാണ് വിധിന്യായം.
കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹർജിക്കാരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. ഇത്തരം സാഹചര്യങ്ങളിൽ, ജാമ്യത്തിൽ വിടുക സാധ്യമല്ല. ഹർജിക്കാർ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ കീഴടങ്ങുകയും അന്വേഷണവുമായി സഹകരിക്കുകയും വേണം. അതിനാൽ, ഈ ജാമ്യാപേക്ഷകൾ തള്ളിക്കളയുന്നുവെന്നും വിധിന്യായത്തിൽ പറയുന്നു. ബാങ്കിനു വേണ്ടി സീനിയർ അഭിഭാഷകൻ പി. വിജയഭാനുവും അഡ്വ. തോമസ് ആനക്കല്ലുങ്കലും ഹാജരായി.
ആദ്യത്തെ രണ്ടു പേർക്കും ഹൈക്കോടതി മുൻകൂർജാമ്യം നിഷേധിച്ചതിനു പിന്നാലെ മറ്റു പ്രതികൾ നേരത്തെ കീഴ്‌ക്കോടതികളിൽ നൽകിയിരുന്ന ജാമ്യാപേക്ഷകളും അപ്രസക്തമായി. പുത്തൻകുരിശ് പോലീസ് എടുത്ത കേസിൽ പ്രതിയായ വനിത നവംബറിൽ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷ 14 തവണ മാറ്റിവച്ച് വാദം കേട്ട ശേഷം എറണാകുളം ഡിസ്ട്രിക്റ്റ് ആൻഡ് സെൻസ് കോടതി തള്ളി. കോടനാട്ടു നിന്നും വരാപ്പുഴയിൽ നിന്നുമുള്ള വനിതാ നഴ്സുമാരുടെ മുൻകൂർ ജാമ്യാപേക്ഷകളും നിരസിച്ചു. ഡിസംബർ മുതൽ 11 തവണ മാറ്റിവച്ച ഹർജികളായിരുന്നു ഇവ.
കുവൈറ്റിലെ ബാങ്കുകളിൽ നിന്ന് വായ്പ്പയെടുത്ത് മൊത്തം 700 കോടി രൂപ തട്ടിയ 1425 മലയാളികൾക്ക് എതിരെ അന്വേഷണം നടക്കുന്നതായുള്ള വിവരം ഏതാനും മാസം മുമ്പു പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച പരാതി പ്രകാരം വിവിധ ജില്ലകളിലായി പോലീസ് ഫയൽ ചെയ്തുകഴിഞ്ഞ നിരവധി എഫ് ഐ ആറുകളിൽ പ്രതികളുടെ അറസ്റ്റിനു വഴി തെളിക്കുന്ന സംഭവമായി മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിന്യായം.