തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് പിന്തുണയില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നിലപാടിനെതിരേ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. വീണയുടെ കാര്യത്തിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും എന്താണ് ചെയ്യേണ്ടതെന്ന് വിണയ്ക്ക് അറിയാമെന്നും ശിവൻകുട്ടി പ്രതികരിച്ചു. വീണാ വിജയനെ പ്രതിരോധിച്ച് രംഗത്തെത്തിയ സിപിഎം നേതാക്കളെയും ബിനോയ് വിശ്വം പരോക്ഷമായി വിമർശിച്ചിരുന്നു.
എൽ.ഡി.എഫ് പിണറായിക്ക് പൂർണ പിന്തുണ നൽകുന്നുണ്ട്. ബിനോയ് വിശ്വത്തിന് എന്തെങ്കിലും അഭിപ്രായം പറയാനുണ്ടെങ്കിലത് പറയേണ്ടിയിരുന്നത് ഇടത് മുന്നണിയോഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.എം ശ്രീ വിഷയത്തിലും സിപിഐയുടെ നിലപാടിനെയും ശിവൻകുട്ടി വിമർശിച്ചു. കേന്ദ്രത്തിന്‍റെ കാശായതുകൊണ്ട് കേരളം വാങ്ങാതിരിക്കേണ്ടതില്ല. കേരളത്തിലെ നയങ്ങളും നലപാടുകളുമാണ് വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത്.
ബിനോയ് വിശ്വത്തിന് സംശയമുണ്ടെങ്കിൽ നേരിട്ട് ഓഫിസിൽ വന്ന് പരിശോധിക്കാമെന്നും ശിവൻകുട്ടി പറഞ്ഞു. കേന്ദ്ര ഫണ്ടോടെ മൂന്നു പദ്ധതികൾ കൃഷി വകുപ്പ് നടപ്പാക്കി വരുന്നുണ്ട്. വികസനത്തിന് കേന്ദ്രപണം ചെലവാക്കുന്നതിൽ എന്താണ് തെറ്റെന്നും പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങൾ ബിനോയ് വിശ്വം ഏറ്റെടുക്കേണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.