പാലക്കാട്: ആർഎസ്എസ് സ്ഥാപകൻ കെ.ബി ഹെഡ്ഗേവാറിൻറെ പേരിൽ തന്നെ ഭിന്നശേഷി നൈപുണ‍്യ കേന്ദ്രം ആരംഭിക്കുമെന്ന് പാലക്കാട് നഗരസഭ ചെയർമാൻ ഇ കൃഷ്ണദാസ്. നഗരസഭ ചെയർപേഴ്സൻറെ അധികാരമാണ് എന്ത് പേര് നൽകണമെന്നുള്ളത്. വിഷയം മുൻ കൗൺസിലുകളിൽ ചർച്ച ചെയ്ത് പാസാക്കിയതാണെന്നും കേസിനു പോയാൽ പ്രതിപക്ഷം തോൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹെഡ്ഗേവാറിൻറെ പേരിൽ തന്നെ കേന്ദ്രം ആരംഭിക്കുമെന്നും അദ്ദേഹം വ‍്യക്തമാക്കി. വെള്ളിയാഴ്ചയായിരുന്നു ഭിന്നശേഷി നൈപുണ‍്യ കേന്ദ്രത്തിൽ ഹെഡ്ഗേവാറിൻറെ പേരിടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും രംഗത്തെത്തിയത്. തറക്കലിടൽ ചടങ്ങ് പ്രവർത്തകർ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. തുടർന്ന് പ്രവർത്തകർ പൊലീസുമായി ഉന്തും തള്ളുമുണ്ടാവുകയും പിന്നീട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
പിന്നാലെ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി പ്രതിഷേധിച്ചു. ഇതിനിടെ തറക്കലിടൽ ചടങ്ങിന് കൊണ്ടുവച്ച ഫലകവും പ്രവർത്തകർ തകർത്തിരുന്നു.