ന്യൂഡൽഹി: കേരളത്തിൽ ഒരു തവണ കൂടി ആയുർവേദ, സിദ്ധ, യൂനാനി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അലോട്ട്മെനറ് നടത്തണമെന്ന ഹർജി ഹൈക്കോടതിക്ക് വിട്ട് സുപ്രീം കോടതി. ഒരു അലോട്ട്മെന്റ് കൂടി നടത്തണമെന്നും പ്രവേശന തീയ്യതി നീട്ടണമെന്നും കാട്ടിയാണ് യൂനാനി, സിദ്ധ സ്വാശ്രയ കോളേജുകളും പതിനൊന്ന് സ്വാശ്രയ ആയുർവേദ മെഡിക്കൽ കോളേജുകളും ഉൾപ്പെടുന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.
സംസ്ഥാനത്തിനും കേന്ദ്രത്തിനും ഈ വിഷയത്തിൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ, അടുത്ത മാസം പതിനാല് വരെ പ്രവേശനത്തിനുള്ള തീയതി കേന്ദ്രം നീട്ടി. അതേസമയം സംസ്ഥാനം, അലോട്ട്മെന്റ് അവസാനിച്ചെന്നും വീണ്ടും നടത്താനാകില്ലെന്നുമായിരുന്നു കോടതിയെ അറിയിച്ച നിലപാട്. ഹൈക്കോടതി നേരത്തെ ഹർജിക്കാരുടെ ആവശ്യം തള്ളിയിരുന്നു. കേന്ദ്രം പ്രവേശന തീയ്യതി നീട്ടിയ സാഹചര്യത്തിലാണ് അലോട്ട്മെന്റ് നടത്തുന്നതിൽ കേരള ഹൈക്കോടതിക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയത്.