ചവറ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥർക്കു നേരെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ കൈയേറ്റ ശ്രമവും ഭീഷണിയും. ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപം പ്രവർത്തിക്കുന്ന വിശ്വസമുദ്ര എൻജിനിയറിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ താൽക്കാലിക ഡ്രൈവറായി ജോലി ചെയ്‌തിരുന്ന കരുനാഗപ്പള്ളി പടനായർകുളങ്ങര സ്വദേശി ശ്രീകുമാർ മാസങ്ങൾക്കു മുമ്പ് സ്ഥാപനത്തിലെ ബയോമെട്രിക് പഞ്ചിങ് മെഷീൻ തീവച്ച് നശിപ്പിച്ചിരുന്നു.
ഈ സംഭവത്തിൽ ഇയാൾക്കെതിരെ കമ്പനി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ശ്രീകുമാർ കഴിഞ്ഞ ഏഴിന് ബിജെപി നേതാക്കളുമായി ഓഫീസിലെത്തി. പ്രോജക്ട് ഹെഡ്, മറ്റ് ഉദ്യോഗസ്ഥർ, സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർ എന്നിവരോട് വധഭീഷണി മുഴക്കി അസഭ്യം പറഞ്ഞു. ഇതിനെ തുടർന്ന് കമ്പനി അധികൃതർ ചവറ പൊലീസിൽ പരാതി നൽകി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സോമന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭീഷണി മുഴക്കിയതെന്ന് കമ്പനി അധികൃതർ പറയുന്നു.